വിപണി കീഴടക്കി മറുനാടൻ ഏത്തൻ

Thursday 29 May 2025 1:02 AM IST

കൊല്ലം: ഏത്തക്കുല വിപണി കീഴടക്കി മറുനാടന്റെ വരവ്. നാടൻ ഏത്തന്റെ ലഭ്യത കുറഞ്ഞതോടെയാണ് തമിഴ്നാട്ടിൽ നിന്ന് ജില്ലയിലേക്ക് ഏത്തൻ കൂടുതലായി എത്തുന്നത്. വഴിയരികിലും വാഹനങ്ങളിലും മറുനാടൻ പച്ച ഏത്തയ്ക്ക കച്ചവടം സജീവമാണ്. എന്നാൽ വിലയിൽ കാര്യമായ കുറവില്ല.

മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ 50 രൂപ മുതലാണ് കിലോയ്ക്ക് ഈടാക്കുന്നത്. അതേസമയം നാടൻ ഏത്തന് കിലോ 75 മുതൽ 78 വരെയാണ് മൊത്ത വില. മറുനാടൻ ഏത്തന് 60 മുതൽ 70 രൂപ വരെയും നാടന് 80 മുതൽ 85 രൂപ വരെയുമാണ് ചില്ലറ വില. കഴിഞ്ഞ സീസണിൽ വിലക്കുറവ് കാരണം നാട്ടിൻപുറങ്ങളിലെ കർഷകർ കൃഷി ഇറക്കാഞ്ഞതും പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചതുമാണ് നാടൻ ഏത്തന് ക്ഷാമമുണ്ടാക്കിയതെന്ന് വ്യാപാരികൾ പറയുന്നു. ഏത്തപ്പഴത്തിന് വില കൂടിയതിനാൽ ഹോട്ടൽ വ്യാപാരികളും പ്രതിസന്ധിയിലാണ്.

മറ്റ് പഴങ്ങളുടെ മൊത്തവില

പാളയംകോടൻ ₹ 30

ഞാലിപ്പൂവൻ ₹ 50

പൂവൻപഴം ₹ 50

റോബസ്റ്ര ₹ 25

കപ്പപ്പഴം ₹ 50

നാടൻ ഏത്തൻ കിട്ടാറില്ല. തമിഴ്നാട്ടിൽ നിന്നാണ് ഏത്തൻ എത്തുന്നത്. വില കൂടാനാണ് സാദ്ധ്യത.

വ്യാപാരികൾ