ഒ.എൻ.വി കവിതകൾ ഇന്ദ്രിയങ്ങളെ ആകർഷിക്കും: വി.മധുസൂദനൻ നായർ

Thursday 29 May 2025 1:03 AM IST

ചവറ: ഇന്ദ്രിയങ്ങളെ ആകർഷിക്കാൻ കഴിവുള്ള കവിതകളായിരുന്നു ഒ.എൻ.വിയുടേതെന്ന് കവി വി.മധുസൂദനൻ നായർ. ഒ.എൻ.വിയുടെ 94-ാമത് ജയന്തി ദിനത്തിൽ നമ്പ്യാടിക്കൽ തറവാട്ടിൽ നടന്ന ഒ.എൻ.വി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനായി. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഒ.എൻ.വിയുടെ ഛായാചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ മുഖത്തല, ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ, വികാസ് ബാബു, ജി.എസ്.സരിത, ഡി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജന്മഗൃഹ സ്മാരക കമ്മിറ്റിയുടെ ഒ.എൻ.വി സ്മൃതി പുരസ്ക്കാരം വി.മധുസൂദനൻ നായർക്കും ശ്രീകുമാർ മുഖത്തലയ്ക്കും തിരക്കഥാകൃത്തും സ്മാരക കമ്മിറ്റി ചെയർമാനുമായ അനിൽ മുഖത്തല നൽകി. ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ആർ.സുരേഷ് കുമാർ, കലാസരിത്ത് സാംസ്കാരിക സമിതി പ്രസിഡന്റ് ചവറ സുരേന്ദ്രൻ പിള്ള, സെക്രട്ടറി കെ.ജയകൃഷ്ണൻ, ഗിരീഷ് മുഖത്തല, ജോസഫ് വിൽസൺ, ആസാദ് ആശീർവാദ് തുടങ്ങിയവർ പങ്കെടുത്തു.