ശ്രീജേഷിന്റെ ആദ്യ കോച്ച് ജയകുമാർ പോസ്റ്റൽ സർവീസിൽ നിന്ന് പടിയിറങ്ങുന്നു
തിരുവനന്തപുരം : രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയ ഏക മലയാളി പി.ആർ ശ്രീജേഷിനെ ഹോക്കിയിലേക്ക് കൈ പിടിച്ചുകയറ്റിയ പരിശീലകൻ എസ്.ജയകുമാർ പോസ്റ്റൽ സർവീസിലെ 42 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് വിരാമമിടുന്നു. പോസ്റ്റൽ അക്കൗണ്ട്സിൽ സീനിയർ അക്കൗണ്ടന്റ് സ്ഥാനത്തുനിന്ന് ഈ മാസം 30നാണ് വിരമിക്കുന്നത്.
1983ലാണ് ജയകുമാർ സ്പോർട്സ് ക്വാട്ടയിൽ പോസ്റ്റൽ സർവീസിൽ പ്രവേശിക്കുന്നത്.18 വർഷത്തോളം കേരള ടീമിൽ കളിച്ച ഇദ്ദേഹം നാലുവർഷം ക്യാപ്ടനുമായിരുന്നു. പോസ്റ്റൽ ആൻഡ് ടെലികോം ടീമിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. ദേശീയ തലത്തിൽ അമ്പയറുമായിരുന്നു.ഗുജറാത്ത് എൻ.ഐ.എസിൽ നിന്ന് കോച്ചിംഗ് ഡിപ്ലോമ കരസ്ഥമാക്കി 1992 ലാണ് കോച്ചിംഗ് കരിയർ ആരംഭിച്ചത്. കേരളത്തിന്റെ പുരുഷ-വനിതാ സീനിയർ ടീമുകളെയും യൂണിവേഴ്സിറ്റി,സ്കൂൾ, ആർമി ടീമുകളെയും പരിശീലിപ്പിച്ചു. 2006മുതൽ 2008വരെ ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ചായിരുന്നു.
1999ൽ സ്കൂൾ സ്പോർട്സ് ഓർഗനൈസറായിരുന്ന വി.ഗബ്രിയേലിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ജി.വി രാജ സ്കൂളിൽ സൗജന്യമായി ഹോക്കി പരിശീലനം തുടങ്ങിയ ജയകുമാർ അവിടെവച്ചാണ് ശ്രീജേഷിനെ കണ്ടെത്തിയത്. ശ്രീജേഷ് ഉൾപ്പെട 18 ഓളം താരങ്ങളാണ് ജി.വി രാജയിൽ നിന്ന് ജയകുമാറിന്റെ ശിക്ഷണത്തിൽ ഇന്ത്യൻ ടീമിലേക്കെത്തിയത്. ഔദ്യോഗിക ജീവിതത്തിനാെപ്പമാണ് ഹോക്കി പരിശീലനവും തുടർന്നത്.നിരവധി പോസ്റ്റൽ ചാമ്പ്യൻഷിപ്പുകളിൽ സെൻട്രൽ ഒബ്സർവറും ടെക്നിക്കൽ ഓഫീസറുമായിട്ടുണ്ട്. കായിരംഗത്തെ സംഭാവനകൾ പരിഗണിച്ച് സംസ്ഥാന പ്ളാനിംഗ് ബോർഡ് അംഗമായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
വീണ്ടും ജി.വി രാജയിലേക്ക്
ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ജി.വി രാജ സ്പോർട്സ് സ്കൂളിൽ വീണ്ടും ഹോക്കി പരിശീലകനായി കായികരംഗത്ത് മുഴുകാനാണ് ജയകുമാർ താത്പര്യപ്പെടുന്നത്. ശ്രീജേഷിനെപ്പോലെ കഴിവുള്ള താരങ്ങളെ ഇനിയും കേരളത്തിൽ നിന്ന് കണ്ടെത്താനാകുമെന്ന് ജയകുമാർ പറയുന്നു. ''കളിയോടുള്ള ആത്മാർപ്പണവും കഠിനാദ്ധ്വാനവും അവസരങ്ങൾ കൃത്യമായി മുതലാക്കാനുള്ള കഴിവുമാണ് ശ്രീയെ ഉന്നതിയിലേക്കെത്തിച്ചത്. അത് മാതൃകയാക്കിയാൽ ഇനിയും ഇന്ത്യൻ ഹോക്കി ടീമിൽ മലയാളികളുണ്ടാവും""- ജയകുമാർ പറയുന്നു.