ഫൈനൽ ടിക്കറ്റ്

Thursday 29 May 2025 1:50 AM IST

ഐ.പി.എൽ പതിനെട്ടാം സീസണിലെ പ്ലേഓഫ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.

ഇന്ന് ക്വാളിഫയർ 1ൽ പഞ്ചാബ് ബംഗളൂരു പോരാട്ടം

നാളെ എലിമനേറ്ററിൽ ഗുജറാത്തും മുംബയ്‌യും ഏറ്റുമുട്ടും

മുല്ലൻപൂർ: ഐ.പി.എൽ പതിനെട്ടാം സീസണിലെ ആദ്യ ഫൈലിസ്റ്റിനെ ഇന്നറിയാം. ഇന്ന് പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിൽ നടക്കുന്ന ക്വാളിഫയർ 1 പോരാട്ടത്തിലെ വിജയികൾ 3ന് നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടും. തോൽക്കുന്ന ടീമിന് ഫൈനൽ പ്രവേശനത്തിന് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും നാലാം സ്ഥാനക്കാരായ മുംബയ് ഇന്ത്യൻസും തമ്മിലുള്ള എലിമനേറ്റർ മത്സരത്തിലെ വിജയികളുമായി ഞാറാഴ്‌ച ക്വാളിഫയർ 2വെന്ന ഫൈനലിലേക്കുള്ള അവസാന വഴി ക്വാളിഫയർ 1ൽ തോൽക്കുന്ന ടീമിനുണ്ട്.

കന്നി കപ്പ് തേടി

കന്നി കപ്പെന്ന ലക്ഷ്യവുമായി ഈ ഐ.പി.എൽ സീസണിലിറങ്ങിയ പഞ്ചാബും ആർ.സി.ബിയും ചരിത്രത്തിലെ രണ്ടാം ഫൈനൽ പ്രവേശനമെന്ന ഉറച്ച ലക്ഷ്യവുമായാണ് ഇന്ന് കളത്തിലിറങ്ങുന്നത്. പഞ്ചാബിന്റെ തട്ടകമായ മുല്ലൻപൂരിൽ രാത്രി 7.30 മുതലാണ് ക്വാളിഫയർ 1 പോരാട്ടം. കഴിഞ്ഞ തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യൻമാരാക്കിയ ക്യാപ്‌ടൻ ശ്രേയസ് അയ്യരു

ടെ നേതൃത്വത്തിൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബിന് 14 മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണുള്ളത്. അവസാന ലീഗ് മത്സരത്തിൽ ലക്‌നൗവിനെതിരെ പകരക്കാരൻ ക്യാപ്ടൻ ജിതേഷ് ശർമ്മയുടെ തക‌ർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ ഗുജറാത്തിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ ആർ.സി.ബിക്കും 19 പോയിന്റാണുള്ളത്. മികച്ച റൺറേറ്റിന്റെ പിൻബലത്തിലാണ് പഞ്ചാബ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

11 വർഷത്തിന് ശേഷം

2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫ് കളിക്കുന്നത്. അന്നും പോയിന്റ് ടേബിളിൽ പഞ്ചാബായിരുന്നു ഒന്നാമത്. എന്നാൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോൽക്കുകയായിരുന്നു.ഇത്തവണ ചാമ്പ്യൻപട്ടത്തിൽ കുറഞ്ഞൊന്നും ശ്രേയസും സംഘവും കരുതുന്നില്ല.ക്യാപ്ടൻ ശ്രേയസ് അയ്യരു

ടെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിരയും അർഷ്ദീപിന്റെ നേതൃത്വത്തിലുള്ള ബൗളർമാരും ടീമിന് കരുത്താണ്. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന സൂപ്പർ സ്‌പിന്നർ യൂസ്‌വേന്ദ്ര ചഹൽ തിരിച്ചെത്തുന്നത് പഞ്ചാബിന് പ്ലസ് പോയിന്റാണ്. അതേസമയം പേസ് ഓൾ റൗണ്ടർ മാർക്കോ ജാൻസൺ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മുന്നൊരുക്കങ്ങൾക്കായി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത് അവർക്ക് തിരിച്ചടിയാണ്.

കപ്പും കൊഹ്‌ലിയും

പതിനെട്ട് വർഷമായി ടീമിന്റെ എല്ലാമെല്ലാമായ ഇതിഹാസ താരം വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗ് ചിറകിലേറി ഇത്തവണ കിരീടമുയർത്താമെന്ന് സ്വപ്‌നം കാണുന്ന ആർ.സി.ബി പ്ലേ ഓഫിൽ കുറച്ച് വർഷങ്ങളായി സ്ഥിരം സാന്നിധ്യം തന്നെയാണ്. ഇതിന് മുമ്പ് 2016ലാണ് ആർ.സി.ബി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായത്. അത്തവണ ഫൈനലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനോട് തോൽക്കാനായിരുന്നു അവരുടെ വിധി. വിരാട് കൊഹ്‌ലി മുന്നിൽ നിന്ന് നയിക്കുന് ബാറ്റിംഗ് നിരയാണ് ആർ.സി.ബിയുടെ പ്രധാന കരുത്ത്. ഭുവനേശ്വറും യഷ് ‌ദയാലും ക്രുനാലുമൊക്കെ ഉൾപ്പെടുന്ന ബൗളിംഗ് നിരയും മോശമല്ല. ബൗളിംഗിലെ കുന്തമുന ജോഷ് ഹേസൽ വുഡ് മടങ്ങിയെത്തിയത് ആർ.സി.ബിക്ക് നൽകുന്ന ആഹ്ലാദം ചില്ലറയല്ല. അതേസമയം പരിക്കിന്റെ പിടിയിലായ ടിം ഡേവിഡിന്റെ സേവനം ഇന്ന് ആർ.സി.ബിക്ക് ലഭിക്കില്ല.

മുല്ലൻപൂർ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായിട്ടാണ് കണക്ക് കൂട്ടുന്നതെങ്കിലും ഇത്തവണ ഇവിടെ പഞ്ചാബിനെ ആർ.സി.ബി തോൽപ്പിച്ചിരുന്നു.

1- ആദ്യ ഐ.പി.എൽ കിരീടമാണ് ഇരുടീമും ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തേ ഓരോ തവണ വീതം ഇരുടീമും ഫൈനലിലെത്തിയെങ്കിലും കലാശപ്പോരിൽ ജയിക്കാനായിരുന്നില്ല. പഞ്ചാബ് 2014 ലും ആർ.സി.ബി 2016ലും റണ്ണറപ്പായി.

35 - ഇതുവരെ 35 മത്സരങ്ങളിൽ ഇരുടീമും ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 18 തവണ പഞ്ചാബും 16 എണ്ണത്തിൽ ആർ.സി.ബിയും ജയിച്ചു.

13 മത്സരങ്ങളിൽ നിന്ന് ഇത്തവണ 602 റൺസ് നേടിയ വിരാട് കൊഹ്‌ലിയാണ് ആർ.സി.ബി ബാറ്റർമാരിൽ മുന്നിലുള്ളത്. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ അഞ്ചാം സ്ഥാനത്ത്. 8 ഫിഫ്‌റ്റിയും അദ്ദേഹം നേടി.

14 മത്സരങ്ങളിൽ നിന്ന് 514 റൺസ് നേടിയ ശ്രേയസ് അയ്യരാണ് പഞ്ചാബ് ബാറ്റർമാരിലെ ഇത്തവണത്തെ ഇതുവരെയുള്ള ടോപ് സകോറർ.5 ഫിഫ്‌റ്റിയും നേടി.

10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്‌ത്തിയ ജോഷ് ഹേസൽവുഡാണ് ആർ.സി.ബി ബൗളർമാരിൽ മുന്നലുള്ളത്. ആകെ കണക്കിൽ നാലാമതാണ് അദ്ദേഹം. 14 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്‌ത്തിയ അർഷ്‌ദീപാണ് പഞ്ചാബിനായി ഇത്തവണ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തയിത്. ആകെ കണക്കിൽ അഞ്ചാമത്.