മുനമ്പം പ്രശ്‌നം: ഒരാളെയും കുടിയൊഴിപ്പിക്കരുതെന്ന് കമ്മിഷൻ
Thursday 29 May 2025 3:44 AM IST
തിരുവനന്തപുരം: മുനമ്പം ഭൂമിയിൽ നിലവിലുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കരുതെന്ന് സർക്കാർ നിയോഗിച്ച റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ. അവിടെ താമസിക്കുന്നവർക്ക് നിയമപരമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്തുകൊടുക്കണം. മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം നിർദ്ദേശിച്ചത്. എന്നാൽ നിർദ്ദേശങ്ങൾ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കമ്മിഷൻ ശുപാർശകൾ മന്ത്രസഭായോഗത്തിൽ ചർച്ച ചെയ്തശേഷം തുടർ നടപടികൾ സ്വീകരിക്കും. ഫറൂഖ് കോളേജുമായും വഖഫ് ബോർഡുമായും സർക്കാർ പ്രശ്‌നപരിഹാരത്തിന് ചർച്ച നടത്തണം. അടിയന്തരഘട്ടമുണ്ടായാൽ പൊതുതാത്പര്യം മുൻനിറുത്തി ഭൂമി സർക്കാർ ഏറ്റെടുത്ത് പ്രദേശവാസികൾക്ക് നൽകാം. മുനമ്പത്തെ ജനതയുടെ റവന്യൂ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും 70ലധികം പേജുകളിലുള്ള റിപ്പോർട്ടിൽ പറയുന്നു.