ഒരു ലോജിക്കുമില്ല, ബ്രിട്ടീഷുകാർ എങ്ങനെയാണ് ചോറ് കഴിക്കുകയെന്ന് അറിയാമോ?
മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ചോറ്. ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലാണ് അരിയാഹാരം കഴിക്കുന്നത്. സാധാരണയായി ഇന്ത്യയിൽ, കൈകൊണ്ടോ സ്പൂൺ കൊണ്ടോ ആണ് ഭക്ഷണം കഴിക്കുന്നത്. എന്നാൽ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ചോപ്സ്റ്റിക്കുകൾ ഉപയോഗിച്ചാണ് ആഹാരം കഴിക്കുന്നത്.
ഫോർക്കും നൈഫും ഉപയോഗിച്ച് ചോറ് കഴിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും സങ്കൽപ്പിച്ചിട്ടുണ്ടോ? അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യുകെയിൽ നിന്നുള്ള വില്യംഹാൻസൺ എന്നയാൾ ബ്രിട്ടീഷുകാർ ചോറ് കഴിക്കുന്നതെങ്ങനെയെന്ന് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഫോർക്ക് തലകീഴായി വച്ച്, നൈഫ് കൊണ്ട് ചോറ് തട്ടി ഫോർക്കിന് മുകളിലേക്ക് ഇടുന്നു. തുടർന്ന് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ബ്രിട്ടീഷ് മര്യാദ ഫോർക്കും നൈഫും ഉപയോഗിച്ച് ചോറ് കഴിക്കുന്നതാണ്. എന്നാൽ അത് ഒരു തരത്തിലും ശരിയല്ലെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ അദ്ദേഹം പറയുന്നു.
'ഇതാണ് ചോറ് കഴിക്കാനുള്ള ബ്രിട്ടീഷ് രീതി. ഇത് ആർക്കെങ്കിലും അർത്ഥവത്തായി തോന്നുമെന്ന് എനിക്ക് ഉറപ്പുണ്ട്.'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡൈനിംഗ്, മര്യാദ, വില്യംഹാൻസൺ എന്നീ ഹാഷ്ടാഗോടുകൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഒരു ലോജിക്കുമില്ലാതെയാണ് ചോറ് കഴിക്കുന്നതെന്നൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റ്.