തിരുവനന്തപുരത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നതിനിടെ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

Thursday 29 May 2025 3:52 PM IST

തിരുവനന്തപുരം: അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആനാവൂർ സ്‌കൂളിലാണ് സംഭവം. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. പാറശാല ജിഎച്ച്‌എസ്‌എസിലെ ഗണിത ശാസ്‌ത്ര അദ്ധ്യാപികയാണ് വിനോദിനി. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ആനാവൂർ സ്‌കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാനാണ് അദ്ധ്യാപികയെത്തിയത്.

ഇന്ന് രാവിലെ 11 മണിക്ക് കുട്ടികൾക്ക് ക്ലാസെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് വിനോദിനി കുഴഞ്ഞുവീണത്. ഉടൻ തന്നെ മറ്റ് അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. മൃതദേഹം പിന്നീട് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണം സംബന്ധിച്ച് പൊലീസ് കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.