കുഴിയിൽ കുരുങ്ങി സുരേഷ് ഗോപിയും, വിഷയം പരിഹരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിയെ വിളിച്ചു

Thursday 29 May 2025 4:14 PM IST

കൊച്ചി: കാലടിയിൽ റോഡിലെ കുഴിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും 'കുരുങ്ങി'. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. തൃശൂരിലേക്ക് പോകുകയായിരുന്നു അദ്ദേഹം. പൈല​റ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.സുരേഷ് ഗോപി കുരുക്കിൽപെട്ടതറിഞ്ഞ പ്രദേശവാസികളും സ്ഥലത്തെത്തി. അവർ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അദ്ദേഹത്തോട് വിവരിച്ചു.

ഇതോടെ വാഹനത്തിൽ നിന്നിറങ്ങിയ സുരേഷ് ഗോപി മഴയത്തുതന്നെ റോഡിലെ കുഴികൾ പരിശോധിച്ചു. തുടർന്ന് പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽവിളിച്ച് വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഉടൻ കുഴികൾ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പുനൽകിയതായി സുരേഷ് ഗോപി പറഞ്ഞു.

കാലടിയിലെ കുഴികൾ കാരണം കാലടി പാലത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ മണിക്കൂറുകൾ കുടുങ്ങിക്കിടക്കുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. മഴ എത്തിയതോടെ ദുരിതം ഒന്നുകൂടി കൂടിയിട്ടുണ്ട്.