കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ; നടപടി പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത്

Thursday 29 May 2025 4:41 PM IST

തിരുവനന്തപുരം: കൊച്ചിയിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. പാരിസ്ഥിതിക - സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതോടെ ദുരന്തനിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്ര സർക്കാരിൽ നിന്ന് ഫണ്ടും ആവശ്യപ്പെടാൻ കഴിയും.

അറുന്നൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്ത് നിന്ന് പോയ എംഎസ്‌സി എൽസ 3 കപ്പൽ ശനിയാഴ്‌ചയാണ് കൊച്ചി പുറംകടലിൽ ചരിഞ്ഞത്. ഞായറാഴ്‌ച ഇത് പൂർണമായും മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ തീരസേനയും നാവിക സേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ നിന്ന് ഒഴുകി നീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയിൽ അപകടകരമായ രാസവസ്‌തുക്കളില്ല.

തിരിച്ചെത്തിയവയിൽ മിക്കതും കാലിയായ കണ്ടെയ്‌നറുകളാണ്. പ്ലാസ്റ്റിക് പെല്ലറ്റ്‌സ് കടലിൽ വീണിട്ടുണ്ട്. അപകടമുണ്ടായ കടൽ മേഖലയിൽ എണ്ണയുടെ അംശവും കലർന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്. സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത് വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്‌പിൽ വേയിൽ നിന്ന് വെറും 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ ) അകലെയാണ് കപ്പൽ മുങ്ങിയത്.