നഗരം കീഴടക്കി ശ്വാനപ്പട

Wednesday 11 September 2019 7:40 PM IST
തെരുവ് നായ്ക്കൾ

കൊപ്പം:പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം വർദ്ധിച്ചതോടെ നഗരത്തിൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായി. രാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികളെയും പ്രഭാത സവാരിക്ക് ഇറങ്ങുന്നവരെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം കൊപ്പം - വളാഞ്ചേരി റൂട്ടിൽ പള്ളിക്ക് സമീപം പതിനഞ്ചോളം നായ്ക്കൾ മദ്രസയിലേക്ക് വരുന്ന വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്. ഒരാഴ്ച മുമ്പ് പുലാശ്ശേരി ഭാഗങ്ങളിലും മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്ക് നേരെ സമാന സംഭവം നടന്നിരുന്നു. തെരുവ് നായ ശല്യം കാരണം പ്രതിസന്ധിയിലായിരിക്കുന്നത് കൊപ്പം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്നവരും കാൽനട യാത്രക്കാരുമാണ്.

ഇതുകൂടാതെ ഗ്രാമീണ മേഖലകളിൽ പേപ്പട്ടി ശല്യവും രൂക്ഷമാണെന്ന ആക്ഷേപമുണ്ട്. വിയറ്റ്‌നാംപടി മേൽമുറിയിൽ രാവിലെ പള്ളിയിലേക്ക് പോകുന്നവരെ പേപ്പട്ടികൾ ആക്രമിച്ചിരുന്നു. വിളയൂർ പഞ്ചായത്തിലും പേപ്പട്ടിയുടെ ശല്യമുണ്ട്. പൊതുസ്ഥലങ്ങളിലും പുഴകളിലും മാലിന്യം തള്ളുന്നതതാണ് തെരുവ് നായ്ക്കൾ വർദ്ധിക്കാൻ കാരണം. ഗ്രാമീണ മേഖലകളിൽ ലൈസൻസില്ലാത്ത നിരവധി ചിക്കൻ സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള കോഴിവേസ്റ്റുകളും അറവു ശാലകളിലെ മാലിന്യവും പാടത്തും പൊതുസ്ഥലങ്ങളിലുമാണ് തള്ളുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പറയുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.