മഴക്കാല സാംക്രമിക രോഗങ്ങൾ; ജാഗ്രതൈ....!
കൊച്ചി: പൊതുജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കിക്കൊണ്ട് മാത്രമേ മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയുള്ളുവെന്ന ഓർമ്മപ്പെടുത്തലുമായി ജില്ലാ ആരോഗ്യ വിഭാഗം.
ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം ഉറപ്പാക്കി കൊതുക് കൂത്താടി വളരുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി അറിയിച്ചു. മഴക്കാലരോഗ പ്രതിരോധ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടുകൂടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ തുടരുന്നുണ്ട്.
ശുചിത്വം പ്രധാനം
പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം
കിണറുകളും മറ്റ് ജലസ്രോതസുകളും ക്ലോറിനേറ്റ് ചെയ്യണം
മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണം പാകം ചെയ്യുമ്പോൾ രോഗം പടരാൻ സാധ്യതയുള്ളതിനാൽ അവർ ഭക്ഷണം പാകം ചെയ്യാൻ പാടില്ല
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്.
വെള്ളക്കെട്ടിലും മലിനജലത്തിലും ഇറങ്ങിയാൽ എലിപ്പനിക്കെതിരെയുള്ള ഡോക്സിസൈക്ലിൻ കഴിക്കുക
പനിയും മറ്റ് ലക്ഷണങ്ങളും കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി യഥാസമയം ചികിത്സിക്കണം. രോഗലക്ഷങ്ങളുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കണം.