വാടകവീട് കേന്ദ്രീകരിച്ച് ലഹരിവില്പന: മൂന്ന് പേർ പിടിയിൽ

Friday 30 May 2025 1:14 AM IST

പറവൂർ: വാടക വീട് കേന്ദ്രീകരിച്ച് രാസലഹരിയും കഞ്ചാവും വില്പന നടത്തിയിരുന്ന മൂന്ന് യുവാക്കൾ പിടിയിൽ. തൃശൂർ ദേശമംഗലം കിടങ്ങാട് സ്വദേശി സാജൻ (25),​ വൈപ്പിൻ കുഴുപ്പിള്ളി പള്ളിപ്പുറം വടക്കേവീട്ടിൽ ആഷ്ലി (22),​ കുഴുപ്പിള്ളി കോൺവെന്റ് ജംഗ്ഷൻ കുരുശിങ്കൽ വീട്ടിൽ ഷിന്റോ (30) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വില്പനയ്ക്കായി സിപ്പ്കവറിൽ സൂക്ഷിച്ചിരുന്ന 7 മില്ലിഗ്രാം എം.ഡി.എം.എ, 50 ഗ്രാം കഞ്ചാവ്, പത്ത് മൊബൈൽ ഫോൺ, ഒരു ലാപ്പ്ടോപ്പ്, 42,500 രൂപ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.

സാജൻ സ്വകാര്യബാങ്കിൽ ജീവനക്കാരനാണെന്ന് പറഞ്ഞ് ആറുമാസം മുമ്പാണ് പറവൂത്തറ കുമാരമംഗലത്തുള്ള വീട് വാടയ്ക്കെടുത്തത്. കൂടെയുള്ള സ്ത്രീ ഭാര്യയാണെന്നാണ് വീട്ടുടമയോട് പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ ലിവിംഗ് ടുഗതറാണെന്ന് മാറ്റിപറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് പൊലീസ് വീട് വളഞ്ഞത്. പൊലീസ് ആവശ്യപ്പെട്ടെങ്കിലും വാതിൽ തുറന്നില്ല. വാതിൽ പൊളിച്ചാണ് പൊലീസ് വീട്ടിൽ കയറിയത്. ഇതിനിടയിൽ വീട്ടിലുണ്ടായിരുന്ന കൂടുതൽ ലഹരിവസ്തുക്കൾ നശിപ്പിക്കുകയോ, ഒളിപ്പിക്കുകയോ ചെയ്തതായി പൊലീസ് സംശയിക്കുന്നു.

മൂന്ന് സ്ത്രീകൾ വീട്ടിൽ താമസിച്ചിരുന്നു. രാത്രിയിലും പകലും നിരവധി പേർ ഇവിടെ എത്തുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് പരിശോധനയ്ക്കെത്തുമ്പോൾ ഇവർ മൂന്ന് പേരും വീട്ടിലുണ്ടായിരുന്നില്ല. പൊലീസെത്തുന്നതിന് തൊട്ടുമുമ്പ് കടന്നുകളഞ്ഞ ഒരു സ്ത്രീയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.