 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു ജയിലുകൾ ഇനി ഭിന്നശേഷി സൗഹൃദം

Friday 30 May 2025 12:17 AM IST

കൊച്ചി: ജയിലുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രിസൺ റിഫോംസ് വിഭാഗം ഡയറക്ടർ അരുൺ സോബ്തി നിർദ്ദേശിച്ചു. നിലവിലുള്ള ജയിലുകളിലും ഇനി നിർമ്മിക്കുന്നവയിലും ഭിന്നശേഷിക്കാർക്ക് സൗകര്യമൊരുക്കണം.

എല്ലാ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് 2016ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം,പൊലീസ് സ്റ്റേഷനുകൾക്കും ജയിലുകൾക്കുമുള്ള മാർഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞവർഷം വിജ്ഞാപനം ചെയ്തിരുന്നു. ഭിന്നശേഷിക്കാരായ തടവുകാർ നേരിടുന്ന വിവേചനം അവസാനിപ്പിക്കുക,ജയിലിലെ സേവനങ്ങളും സൗകര്യങ്ങളും എളുപ്പത്തിൽ പ്രാപ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണിത്. ജയിൽ സംസ്ഥാന വിഷയമായതിനാൽ തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം കൈമാറുകയായിരുന്നു. ഭിന്നശേഷി സൗഹൃദമായ ആധുനിക ജയിലുകളുടെ മാസ്റ്റർ പ്ലാനടക്കം ഇതോടൊപ്പമുണ്ട്.

ഭിന്നശേഷിക്കാരായ തടവുകാരെ പ്രവേശന സമയത്ത് തന്നെ സ്ക്രീൻ ചെയ്ത് അവരുടെ സവിശേഷ ആവശ്യങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. അതേസമയം,സംസ്ഥാനത്തെ മിക്ക ജയിലുകളിലും ഭിന്നശേഷിക്കാർക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളില്ല.

നിർദ്ദേശങ്ങൾ

ജയിൽ കവാടങ്ങൾ,ഇടനാഴികൾ,സെല്ലുകൾ,ടോയ്ലെറ്റുകൾ,പാർക്കിംഗ് ഇടം എന്നിവയെല്ലാം ഭിന്നശേഷി സൗഹൃദമാക്കണം. റാമ്പുകളും ഹാൻഡ് റെയിലുകളടക്കം വേണം. അറിയിപ്പ് ചിഹ്നങ്ങളും പതിപ്പിക്കണം.

മെഡിക്കൽ യൂണിറ്റ്,ട്രെയിനിംഗ് സെന്റർ,ഗ്രീവൻസ് സെൽ,കാന്റീൻ തുടങ്ങി വിവിധ ബ്ലോക്കുകളിൽ എളുപ്പത്തിൽ എത്താൻ കഴിയുന്ന വിധമാക്കണം.

മാനസികാരോഗ്യ പരിശോധനയും തെറാപ്പികളും ഉറപ്പാക്കണം.