മന്ത്രിസഭ അംഗീകരിച്ച അദ്ധ്യാപക തസ്തികകൾക്ക് നിയമന സാദ്ധ്യതയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ 2024-25 വർഷം 2219 അധിക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും പുതിയ നിയമനങ്ങൾക്കുള്ള സാദ്ധ്യത മങ്ങുന്നു.
കഴിഞ്ഞ അദ്ധ്യയന വർഷത്തെ തസ്തിക നിർണയത്തിലൂടെ 2300 ഓളം തസ്തികകൾ ഇല്ലാതായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് അറിയിച്ചു. സർക്കാർ സ്‌കൂളുകളിൽ സൃഷ്ടിച്ച 912 അധിക തസ്തികകളിലേക്ക് കഴിഞ്ഞ വർഷം തസ്തിക നഷ്ടമായ സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകരെ പുനഃക്രമീകരിക്കും. അധിക തസ്തികകൾക്ക് ആനുപാതികമായ എണ്ണം അദ്ധ്യാപകർ പുനഃക്രമീകരണത്തിനായി ഉണ്ടെന്നും പുതിയ നിയമനത്തിന്റെ ആവശ്യകതയുണ്ടാവില്ലെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
എയ്ഡഡ് സ്‌കൂളുകളിൽ 1304 അധിക തസ്തികകളാണ് സൃഷ്ടിക്കാൻ തീരുമാനിച്ചത്. എയ്ഡഡ് സ്‌കൂളുകളിൽ സൃഷ്ടിക്കപ്പെടുന്ന രണ്ട് അധിക തസ്തികകളിൽ ആദ്യത്തേത് സർക്കാറിനും രണ്ടാമത്തേത് മാനേജ്‌മെന്റുകൾക്കും നൽകുന്ന 1:1 അനുപാത രീതിയാണ് കെ.ഇ.ആർ പ്രകാരം നിലവിലുള്ളത്. എയ്ഡഡ് സ്‌കൂളിൽ ഒരു തസ്തിക സൃഷ്ടിക്കപ്പെട്ടാൽ അവിടെ എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക നഷ്ടമായ സംരക്ഷിത അദ്ധ്യാപകരെ സർക്കാർ പുനർവിന്യസിക്കും. ഇതുവഴി എയ്ഡഡ് സ്‌കൂളുകളിലും പുതിയ നിയമന സാദ്ധ്യത അടഞ്ഞേക്കാം. എയ്ഡഡ് സ്‌കൂളുകളിൽ രണ്ടാമത്തെ അധിക തസ്തിക സൃഷ്ടിക്കപ്പെടുമ്പോഴേ മാനേജ്‌മെന്റുകൾക്ക് ലഭിക്കൂ.
ഭിന്നശേഷി സംവരണ പ്രകാരമുള്ള നിയമനം നടത്താത്ത സ്‌കൂളുകളിൽ ഈ തസ്തിക അതിനായി നീക്കിവയ്ക്കേണ്ടിയും വരും. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത രീതിയിലാണ് അധിക തസ്തിക സൃഷ്ടിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
അദ്ധ്യാപക നിയമനംസർക്കാരിന്റെ ചെപ്പടിവിദ്യ :കെ.പി.എസ്.എം.എ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തസ്തിക സൃഷ്ടിക്കൽ തീരുമാനം പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുന്ന ചെപ്പടിവിദ്യ മാത്രമാണെന്ന് പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ. സർക്കാരിന്റെ ബാദ്ധ്യത കുറയ്ക്കാനുള്ള നീക്കം യഥാർത്ഥത്തിൽ എയ്ഡഡ് നിയമനങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതാണ്. പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്തതു കാരണം കുട്ടികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് അകന്നുപോവുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു.