പനങ്ങാട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ആശങ്ക, അമ്പരപ്പ്
വ്യാപക തെരച്ചിലുമായി പൊലീസ്
കൊച്ചി: മിഠായി വാഗ്ദാനം ചെയ്തും കൂടെ വന്നില്ലെങ്കിൽ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പത്തുവയസുകാരികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം. ജീവനുംകൊണ്ടോടിയതിനാൽ കുട്ടികൾ രക്ഷപ്പെട്ടു. അന്വേഷിക്കാൻ വീടിന് പുറത്തിറങ്ങിയ മാതാവ് കണ്ടത് റോഡരികൽ തമ്പടിച്ച 'കിഡ്‌നാപ്പറെ'. ഇയാൾ സ്‌കൂട്ടറിൽ കടന്നുകളഞ്ഞു. എറണാകുളം പനങ്ങാട് തട്ടേക്കാട് ഭാഗത്ത് ബുധനാഴ്ച വൈകിട്ടായിരുന്നു നാടകീയ സംഭവം. പനങ്ങാട് പൊലീസ് മേഖലയിൽ വ്യാപകതെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കുട്ടികളിൽ ഒരാളുടെ മാതാവിന്റെ പരാതിയിൽ പൊലീസ് ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ ദൃശ്യം പൊലീസിന് ലഭിച്ചു. ഇയാൾക്കായി ബുധനാഴ്ച രാത്രി ആരംഭിച്ച തെരച്ചിൽ തുടരുകയാണ്.
സീൻ 1 കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ് കുട്ടികൾ. ട്യൂഷൻ ക്ലാസിൽ നിന്ന് വീട്ടിലേക്ക് 10മിനിട്ട് നടക്കാനുള്ള ദൂരമുണ്ട്. മടങ്ങിവരുമ്പോൾ ആളൊഴിഞ്ഞ ജംഗ്ഷനിൽ നിന്ന യുവാവ് പിന്നാലെ കൂടി. മാതാപിതാക്കൾ തന്റെ വീട്ടിലുണ്ടെന്നും അവർ പറഞ്ഞിട്ട് കൂട്ടിക്കൊണ്ടുവരാൻ വന്നതാണെന്നും പറഞ്ഞു. കുട്ടികൾ ഇത് കാര്യമാക്കിയില്ല. രണ്ട് മിഠായി ഇവർക്ക് എറിഞ്ഞു കൊടുത്തു. അവസാനത്തെ മിഠായിയാണെന്നും കഴിച്ചില്ലെങ്കിൽ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികൾ മൂന്നാമതൊരു മിഠായി ആവശ്യപ്പെട്ടു. ഇതെടുക്കാൻ തിരിഞ്ഞനിമിഷം ഓടി രക്ഷപ്പെട്ടു.
സീൻ 2 കുട്ടികൾ വിവരം പറഞ്ഞതിന് പിന്നാലെ പുറത്തിറങ്ങി നോക്കിയപ്പോൾ യുവാവ് റോഡരികിൽ നിൽക്കുന്നതാണ് കണ്ടതെന്ന് കുട്ടികളിൽ ഒരാളുടെ അമ്മ കേരളകൗമുദിയോട് പറഞ്ഞു. മഴക്കോട്ടും മാസ്‌കും ഹെൽമറ്റും ധരിച്ചിരുന്നു. മുഖം വ്യക്തമല്ല. തന്നെ കണ്ട് സ്‌കൂട്ടറുമായി കടന്നു. കൂട്ടുകാരിയുടെ മകളാണ് ഒപ്പം ഉണ്ടായിരുന്നത്. കൂട്ടുകാരി വിദേശത്തായതിനാൽ മകളെ ഇവരാണ് നോക്കുന്നത്.
സീൻ 3 പൊലീസ് മൊഴിയെടുത്തു. കുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന വിവരത്തെ തുടർന്ന് യുവാവിനെതിരെ പോക്‌സോ വകുപ്പും ചുമത്തും. കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി നഗ്നതാപ്രദർശനം നടത്തുന്നതിന്റെ സി.സി.ടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. മുഖം വ്യക്തമല്ലാത്തതും സ്‌കൂട്ടറിന്റെ നമ്പർ തിരിച്ചറിയാൻ കഴിയാത്തതുമാണ് വെല്ലുവിളി. ഇയാളെ പൂട്ടാനുള്ള നീക്കം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവമറിഞ്ഞ് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടിക്കും രക്ഷിതാക്കൾക്കും സുരക്ഷ ഉറപ്പുനൽകി. ജനങ്ങളുടെ ശ്രദ്ധയിൽ വിഷയം എത്തിച്ച് ഇയാളെ പിടികൂടുന്നതിന് പൊലീസിന് എല്ലാവിധ സഹായങ്ങളും നൽകിവരികയാണ് ആന്റണി ആശാൻപറമ്പിൽ ചെയർമാൻ മരട് മുനിസിപ്പാലിറ്റി