സംസ്ഥാന വ്യാപക പണിമുടക്ക് 9ന്
ആലുവ: ഓൺലൈൻ ടാക്സി കമ്പനികളുടെ ചൂഷണത്തിനെതിരെ ജൂൺ 9ന് ഡ്രൈവർമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന പണിമുടക്കിനൊപ്പം ജില്ലാ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ഓൺലൈൻ ടാക്സി നിരക്കുകൾ ഏകീകൃതമാക്കുക, ജില്ലാന്തര ട്രിപ്പുകളുടെ വൺവേ നിരക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഓൺലൈൻ ടാക്സി കമ്മ്യൂണിറ്റി പ്രസിഡന്റ് വി.എസ്. അൻസാർ, സെക്രട്ടറി മനു മാത്യു, അബ്ദുൾ കരീം, എച്ച്. അജ്മൽ, പി.എം. സാലു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.