എൽ.ഐ.സി അറ്റാദായത്തിൽ കുതിപ്പ്

Friday 30 May 2025 12:53 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മുൻനിര ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ അറ്റാദായം 18.38 ശതമാനം ഉയർന്ന് 48,151 കോടി രൂപയായി. പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 8.28 ശതമാനം ഉയർന്ന് 62,495 കോടി രൂപയിലെത്തി, പോളിസി ഉടമകൾക്ക് 56,190.24 കോടി രൂപയുടെ ബോണസ് ലഭിക്കും. ഓഹരി ഉടമകൾക്ക് 12 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ബിസിനസിന്റെ മൂല്യം 4.47 ശതമാനം ഉയർന്ന് 10,011 കോടി രൂപയായി. കമ്പനിയുടെ എംബഡഡ് മൂല്യം 6.81 ശതമാനം വർദ്ധിച്ച് 7,76,876 കോടി രൂപയിലെത്തി.

ജനുവരി 20 ന് ഒറ്റ ദിവസത്തിൽ 5,88,107 പോളിസികൾ വിൽപ്പന നടത്തി ഗിന്നസ് ലോക റെക്കാഡ് എൽ.ഐ.സി നേടിയിരുന്നു.

അവേശകരവും വെല്ലുവിളികൾ നിറഞ്ഞതുമായ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച വളർച്ച നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എൽ.ഐ.സിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു, വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 62,495 കോടി രൂപയാണ്.