ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ റെക്കാഡിന്റെ ജ്യോതി
ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജ്യോതി യരാജിക്ക് റെക്കാഡോടെ സ്വർണം
3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്‌ലെയ്ക്ക് സ്വർണം
വനിതാ റിലേയിൽ സ്വർണം, പുരുഷ റിലേയിൽ വെള്ളി
ലോംഗ് ജമ്പിൽ ആൻസിക്ക് വെള്ളി, ശൈലിക്ക് വെങ്കലം
ഗുമി : ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കാഡ് തിളക്കവുമായി ഇന്ത്യൻ വനിതാ താരം ജ്യോതി യരാജി. ഈയിനത്തിലെ നിലവിലെ ചാമ്പ്യനായ ജ്യോതി 12.96 സെക്കൻഡിലാണ് മീറ്റ് റെക്കാഡോടെ ഫിനിഷ് ചെയ്തത്. 2023ലെ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ 12.78 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടിയിരുന്ന താരമാണ് ആന്ധ്രക്കാരിയായ ജ്യോതി.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ സ്വർണം നേടി. കഴിഞ്ഞ 36 വർഷത്തിനിടെ ഈ ഇനത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സാബ്‌ലെ . 1989ൽ ദിന റാമാണ് നേരത്തേ സ്വർണം നേടിയിരുന്നത്. 8 മിനിട്ട് 20.92 സെക്കൻഡിലാണ് സാബ്‌ലെ ഫിനിഷ് ചെയ്തത്.
വനിതകളുടെ 4-400 മീറ്റർ ലോംഗ് ജമ്പിൽ ഇന്ത്യയ്ക്ക് സ്വർണം ലഭിച്ചു. മലയാളിയായ ജിസ്നമാത്യു, രുപാൽ,രജിത,ശുഭ എന്നിവർ ചേർന്നാണ് വിയറ്റ്നാമിനെയും ശ്രീലങ്കയേയും പിന്നിലാക്കി പൊന്നണിഞ്ഞത്. പുരുഷന്മാരുടെ 4-400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചു.മലയാളി താരം മനു ടി.എസ്,ജയ്കുമാർ, ധരംവീർ ചൗധരി, വിശാൽ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഓടിയത്.
വനിതകളുടെ ലോംഗ്ജമ്പിൽ മലയാളിതാരം ആൻസി സോജൻ വെളളി നേടി. 6.33 മീറ്റർ ചാടിയാണ് ആൻസി വെള്ളിയിലെത്തിയത്.6.30 മീറ്റർ ചാടിയ ശൈലി സിംഗിന് വെങ്കലം ലഭിച്ചു.ഇറാന്റെ മൊബിനി അറാനിക്കാണ് സ്വർണം. 6.40 മീറ്റർ ചാടിയ അറാനി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇറാൻകാരിയുമായി.