ആർ.സി.ബി ഫൈനലിൽ

Friday 30 May 2025 2:04 AM IST

ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിന് തോൽവി, ഇനി രണ്ടാം ക്വാളിഫയറിൽ പ്രതീക്ഷ

പഞ്ചാബ് 101 റൺസിന് ആൾഔട്ട്

മുള്ളൻപുർ : ഐ.പി.എൽ ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സ് ഇലവനെ എട്ടുവി​ക്കറ്റി​ന് തകർത്ത് ആർ.സി.ബി ഫൈനലിലേക്കെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് വെറും 14.1 ഓവറിൽ 101 റൺസിന് 10 ഓവറിൽ രണ്ടുവിക്കറ്റുകൾ നഷ്ടപ്പെടുത്തി ഓവറിൽ ആർ.സി.ബി വിജയം കാണുകയായിരുന്നു.

പോയിന്റ് പട്ടികയിൽ ഒന്നാമന്മാരായ പഞ്ചാബിന് ഇനി പ്രതീക്ഷ ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലാണ്. ഇന്ന് മുംബയ് ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും തമ്മിൽ നടക്കുന്ന എലിമിനേറ്ററിലെ വിജയിയെയാണ് രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് നേരിടേണ്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിനെ കാത്തിരുന്നത് ദയനീയ ബാറ്റിംഗ് തകർച്ചയാണ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസൽവുഡും സുയാഷ് ശർമ്മയും രണ്ട് വിക്കറ്റ് വീഴ്ത്തിയ യഷ് ദയാലും ഓരോ വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറും റൊമാരിയോ ഷെപ്പേഡും ചേർന്നാണ് പഞ്ചാബിനെ അവരുടെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്കോറിന് എറിഞ്ഞൊതുക്കിയത്. 26 റൺസ് നേടിയ മാർക്കസ് സ്റ്റോയ്നിസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.പ്രഭ് സിമ്രാൻ (18),ഒമർസായ് (18) എന്നിവരുമൊഴിച്ചാൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.

6.3 ഓവറിൽ 50 റൺസ് നേടുന്നതിനിടെ അഞ്ചുവിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. അതോടെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു, രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ പ്രിയാംശ് ആര്യയെ (7) ഹാർദിക് പാണ്ഡ്യയുടെ കയ്യിലെത്തിച്ച യഷ് ദയാലാണ് പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ചത്.സഹ ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് അടുത്ത ഓവറിന്റെ അവസാനപന്തിൽ ഭുവനേശ്വറിന്റെ ബൗളിംഗിൽ കീപ്പർക്യാച്ച് നൽകി മടങ്ങി.നാലാം ഓവറിന്റെ നാലാം പന്തിൽ ഹേസൽവുഡ് നായകൻ ശ്രേയസ് അയ്യരെ (2) മടക്കി അയച്ചാണ് പഞ്ചാബിന് ഏറ്റവും വലിയ തിരിച്ചടിയായത്. കീപ്പർ ജിതേഷിന്റെ കയ്യിലാണ് ശ്രേയസും അവസാനിച്ചത്. ഇതോടെ ആതിഥേയർ 30/3 എന്ന നിലയിലായി.

പഞ്ചാബിന്റെ തകർച്ച അവിടം കൊണ്ടും അവസാനിച്ചില്ല. ആറാം ഓവറിന്റെ ആദ്യപന്തിൽ ഹേസൽവുഡ് ജോഷ് ഇംഗ്ലിസിനെയും(4) പുറത്താക്കി.ഭുവനേശ്വറിനായിരുന്നു ക്യാച്ച്.അടുത്ത ഓവറിൽ നെഹാൽ വധേരയെ(8) യഷ് ദയാൽ ബൗൾഡാക്കിയതോടെ പഞ്ചാബ് 50/5 എന്ന നിലയിലായി.8.2-ാം ഓവറിൽ 60 റൺസിലെത്തിയപ്പോൾ സുയാഷ് ശർമ്മ ശശാങ്ക് മനോഹറിനെയും (3) മടക്കി അയച്ചിരുന്നു. തുടർന്ന് സുയാഷും ഹേസൽവുഡും ഷെപ്പേഡും ചേർന്ന് പഞ്ചാബിന്റെ കർട്ടനിട്ടു.

ഇത് നാലാംതവണയാണ് ആർ.സി.ബി ഫൈനലിലെത്തുന്നത്. 2009,2011,2016 സീസണുകളിലും ഫൈനലിലെത്തിയെങ്കിലും ഇതുവരെ കിരീടം നേടാനായിട്ടില്ല.