അകത്താര്, പുറത്താര് ?
ഐ.പി.എൽ എലിമിനേറ്ററിൽ ഇന്ന് മുംബയ്‌യും ഗുജറാത്തും നേർക്കുനേർ
ഗുജറാത്ത് ടൈറ്റാൻസ് Vs മുംബയ് ഇന്ത്യൻസ്
7.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും
മുള്ളൻപുർ : ആരും നിൽക്കണം, ആരു പോകണം എന്ന ചോദ്യത്തിന് ഉത്തരം തേടി ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്തും ഹാർദിക് പാണ്ഡ്യയുടെ മുംബയ് ഇന്ത്യൻസും. ഈ സീസണിലെ എലിമിനേറ്ററിൽ മുംബയ് ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും തമ്മിലുള്ള പോരാട്ടം ഇന്ന് രാത്രി ഏഴര മുതൽ മൊഹാലിയിലെ മുള്ളൻപുരിലാണ്. മുൻ ചാമ്പ്യന്മാരാണ് ഇരുടീമുകളും. എലിമിനേറ്ററിൽ വിജയിക്കുന്നവർക്ക് രണ്ടാം ക്വാളിഫയറിൽ മത്സരിച്ച് ജയിച്ചാൽ ഫൈനലിലെത്താം. എലിമിനേറ്ററിൽ തോൽക്കുന്നവരുടെ സീസൺ അവിടെ അവസാനിക്കും.
പ്രാഥമിക ലീഗ് റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപത് വിജയങ്ങളും അഞ്ച് തോൽവികളുമായി 18 പോയിന്റ് നേടി മൂന്നാമന്മാരായാണ് ഗുജറാത്ത് ടൈറ്റാൻസ് പ്ളേ ഓഫിലേക്ക് എത്തുന്നത്. മുംബയ് എട്ടുവിജയങ്ങളാണ് ഈ സീസണിൽ നേടിയത്. ആറു തോൽവികൾ വഴങ്ങി. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ഗുജറാത്ത് പ്ളേ ഓഫ് ഉറപ്പാക്കിയതിന് ശേഷം തുടർ തോൽവികൾ വഴങ്ങിയിരുന്നു. അതേസമയം മുംബയ് പതിവുപോലെ തുടക്കത്തിലെ തുടർ തോൽവികൾക്ക് ശേഷം തുടർവിജയങ്ങൾ നേടി പ്ളേ ഓഫിലേക്ക് പിടിച്ചുകയറുകയായിരുന്നു.
റൺവേട്ടയിൽ മുന്നിലുള്ള സായ് സുദർശൻ,ശുഭ്മാൻ ഗിൽ,ജോസ് ബട്ട്‌ലർ,ഷെർഫാനേ റൂതർഫോഡ്,ഷാറുഖ് ഖാൻ,രാഹുൽ തെവാത്തിയ തുടങ്ങിയവരാണ് ഗുജറാത്തിന്റെ ബാറ്റിംഗിലെ കരുത്ത്. ബൗളിംഗിൽ മുഹമ്മദ് സിറാജ്, അർഷാദ് ഖാൻ, സായ് കിഷോർ,ജെറാൾഡ് കോറ്റ്സെ,റാഷിദ് ഖാൻ തുടങ്ങിയവരുണ്ട്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരങ്ങളിൽ ലക്നൗവിനോടും ചെന്നൈയോടും തോറ്റത് ടൈറ്റാൻസിനെ ടൈറ്റാക്കുന്നുണ്ട്.
റയാൻ റിക്കിൾട്ടൺ,രോഹിത് ശർമ്മ, വിൽ ജാക്സ്, സൂര്യകുമാർ യാദവ്,തിലക് വർമ്മ,നമാൻ ധിർ എന്നിവർ ബാറ്റിംഗിൽ മുംബയ്‌യ്ക്ക് കരുത്തേകും. ആൾറൗണ്ടറായി ഹാർദിക്കുണ്ട്. ജസ്പ്രീത് ബുംറ,ട്രെന്റ് ബൗൾട്ട് എന്നീ പരിചയസമ്പരായ പേസർമാർക്കൊപ്പം ദീപക് ചഹറും അശ്വനി കുമാറുമുണ്ട്. പ്രാഥമികറൗണ്ടിലെ അവസാന മത്സരത്തിൽ പഞ്ചാബിനോട് തോറ്റാണ് മുംബയ് എലിമിനേറ്ററിലേക്ക് എത്തിയത്.
ഗുജറാത്ത് ടൈറ്റാൻസ് രൂപീകൃതമായി ആദ്യ സീസണിൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്ടനാണ് ഇന്ന് മുംബയ് ഇന്ത്യൻസിനെ നയിക്കുന്ന ഹാർദിക് പാണ്ഡ്യ. 2022ൽ ഗുജറാത്തിലേക്ക് കൂടുമാറുന്നതിന് മുമ്പ് മുംബയ് ഇന്ത്യൻസിനൊപ്പം ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട പാണ്ഡ്യ കഴിഞ്ഞ സീസണിലാണ് നായകനായി മുംബയ്‌യിലേക്ക് തിരിച്ചുവന്നത്.
ഇന്ത്യൻ ടെസ്റ്റ് ക്യാപ്ടനായി അരങ്ങേറുന്നതിന് മുമ്പ് ഐ.പി.എൽ കിരീടം സ്വന്തമാക്കുക എന്ന സ്വപ്നവുമായാണ് ശുഭ്മാൻ ഗിൽ ഇറങ്ങുന്നത്. 2022ൽ ഹാർദിക്കിന് കീഴിൽ കിരീടം നേടിയ ടീമിൽ ഗില്ലുമുണ്ടായിരുന്നു. ഹാർദിക് മുംബയ്‌യിലേക്ക് മടങ്ങിയപ്പോഴാണ് ഗില്ലിന് ക്യാപ്ടൻസി കിട്ടിയത്.
നേർക്കുനേർ
7-5-2
ഇതുവരെ ഏഴുമത്സരങ്ങളിലാണ് ഗുജറാത്ത് ടൈറ്റാൻസും മുംബയ് ഇന്ത്യൻസും ഏറ്റുമുട്ടിയത്. അഞ്ചിലും ജയിച്ചത് ഗുജറാത്ത്. മുംബയ്‌ക്ക് രണ്ട് ജയങ്ങൾ മാത്രം.
2
ഈ സീസണിൽ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഏറ്റുമുട്ടി. രണ്ടിലും ജയം ഗുജറാത്തിന്. മാർച്ച് 29ന് അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 36 റൺസിനും മേയ് ആറിന് മുംബയ്‌യിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനുമായിരുന്നു ഗുജറാത്തിന്റെ ജയം.