കപ്പൽ അപകടം: സി.എം.എഫ്.ആർ.ഐ പഠനം ആരംഭിച്ചു

Friday 30 May 2025 12:14 AM IST

കൊച്ചി: എം.എസ്.സി എൽസ 3 കപ്പലപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ വിലയിരുത്താൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി തിരിഞ്ഞ് എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് പഠനം. ജില്ലകളിൽ 10 കേന്ദ്രങ്ങളിൽ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകൾ പരിശോധിച്ചു തുടങ്ങി.

ജലത്തിലെ ഓക്‌സിജന്റെ അളവ്, അമ്ലീകരണം, പോഷകങ്ങൾ തുടങ്ങിയവ പഠിക്കും. വെള്ളത്തിലെയും മണ്ണിലെയും ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിദ്ധ്യം പരിശോധിക്കും. സസ്യപ്ലവകങ്ങളും തീരത്തെ മണ്ണിലുള്ള ജീവികളെയും (ബെൻതിക്) ശേഖരിച്ചു.

കപ്പലുപയോഗിച്ച് കടലിൽ നിന്ന് സാമ്പിൾ ശേഖരിക്കാൻ ആരംഭിച്ചെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പൂർണമായില്ല. മത്സ്യബന്ധനം നടക്കാത്തതിനാൽ മീനുകളിൽ പരിശോധന നടത്താൻ സാധിച്ചിട്ടില്ലെന്ന് ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.