എ. പത്മകുമാറിനെ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിലേക്ക് വീണ്ടും പരിഗണിച്ചേക്കും
പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സി.പി.എം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി പരസ്യ പ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെ വീണ്ടും ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചേക്കും.
കഴിഞ്ഞ ജില്ലാ സമ്മേളനം വരെ ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന പത്മകുമാറിനെ പരസ്യ പ്രതികരണം നടത്തിയതിനുള്ള അച്ചടക്ക നടപടിയുടെ ഭാഗമായി ഇത്തവണ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പത്മകുമാർ വിഷയം ചർച്ച ചെയ്തില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നാണ് ഗോവിന്ദൻ യോഗത്തിൽ അറിയിച്ചത്. പത്മകുമാറിനെ ഒഴിവാക്കിയതിന് പകരം മറ്റൊരാളെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നത് അദ്ദേഹത്തെ വീണ്ടും പരിഗണിക്കുമെന്നതിന്റെ സൂചനയായാണ് പാർട്ടി കേന്ദ്രങ്ങൾ കരുതുന്നത്. സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി പരസ്യ പ്രതികരണം നടത്തിയത് തെറ്റായിപ്പോയെന്നും പാർട്ടിയെടുക്കുന്ന ഏതു നടപടിയും അംഗീകരിച്ച് അച്ചടക്കമുളള പ്രവർത്തകനായി തുടരുമെന്നും പത്മകുമാർ വ്യക്തമാക്കിയിരുന്നു. ഇത് പരസ്യമായ ക്ഷമ ചോദിക്കലായി കണ്ട് കടുത്ത നടപടിയിൽ നിന്ന് പാർട്ടി ഒഴിവാക്കുകയായിരുന്നു.