കടപുഴകി മരങ്ങൾ

Friday 30 May 2025 12:47 AM IST

പത്തനംതിട്ട : ശക്തമായ കാറ്റിലും മഴയിലും ഇന്നലെ രാവിലെ 9.25ന് കല്ലറക്കടവിൽ വാകമരം വീണു. ഉച്ചയ്ക്ക് 3.31ന് നന്നുവക്കാട് വാഹനത്തിന് മുകളിലേക്ക് മരം വീണെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. മൈലപ്രയിൽ തേക്ക് മരം മാരുതി ഓമ്നിയുടെ മുകളിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ വിജയന് പരിക്കേറ്റു. ഫയർഫോഴ്സെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.

വൈകിട്ട് 3.55ന് കേരളകൗമുദി റോഡിന് മുമ്പിൽ മരം വീണു. നാൽക്കാലിക്കപ്പടിയിൽ ഒരു മരം മുറിച്ച് മാറ്റുന്നതിനിടെ അടുത്ത മരം വീണു. ആറൻമുളയിലും പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും തൈക്കാവ് റോഡിലും മരം വീണു. പത്തനംതിട്ട ജനറൽ ആശുപത്രിയ്ക്ക് സമീപം മാർത്തോമ്മ സ്കൂൾ പടി, അഴൂർ - കൊടുന്തറ റോഡിൽ കടമ്മനിട്ട അന്ത്യാളൻകാവ് എന്നിവിടങ്ങളിലും മരം വീണു. ഫയർഫോഴ്സിന്റെ കണക്കിൽ പതിന്നാല് സ്ഥലങ്ങളിലാണ് മരം വീണത്. കെ.എസ്.ഇ.ബി ലൈനിന് മുകളിലൂടെയാണ് എല്ലാ മരങ്ങളും വീണത്. ഇത് ഗതാഗത - വൈദ്യുതി തടസത്തിന് കാരണമായി.