വിടാതെ നിപ: ബയോസേഫ്റ്റി ലെവൽ ലാബ് ഒക്ടോബറിൽ

Friday 30 May 2025 12:02 AM IST
നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​കോ​ഴി​ക്കോ​ട് ​മെ​ഡി.​ ​കോ​ളേ​ജി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​ബ​യോ​ ​സേ​ഫ്റ്റി​ ​ലെ​വൽത്രീ​ ​ലാ​ബ് ​(​ബി.​എ​സ്.​എ​ൽ.​ ​മൂ​ന്ന് )

കോഴിക്കോട്: നിപ രോഗബാധ സംസ്ഥാനത്തെ വിടാതെ പിന്തുടരുമ്പോൾ, സ്രവപരിശോധന വേഗത്തിലാക്കാനും ഗവേഷണത്തിനുമായി കോഴിക്കോട് മെഡി. കോളേജിൽ പ്രഖ്യാപിച്ച ബയോസേഫ്റ്റിലെവൽ ത്രീ ലാബ് (ബി.എസ്.എൽ– മൂന്ന് ) നിർമ്മാണം ഒക്ടോബറിൽ പൂർത്തിയാകും. വിവരാവകാശ രേഖയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

കേരള മെ‍ഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്‌.സി.എൽ) മുഖേന ലാബിലേക്കുള്ള ഉപകരണങ്ങൾ വാങ്ങുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്.

നിപ രോഗബാധ സ്ഥിരീകരിച്ച 2018 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഐ.സി.എം.ആർ 2019ൽ ഇതിനായി അഞ്ചരക്കോടി രൂപ അനുവദിച്ചു. പിന്നീട് എട്ട് കോടിയായി എസ്റ്റിമേറ്റ് ഉയർത്തി. ഇതിനിടയിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് കരാറുകാരെ മാറ്റിയത് നിർമ്മാണം വെെകിപ്പിച്ചു.

നിലവിൽ മെഡി.കോളേജിലുള്ള ബി.എസ്.എൽ– രണ്ട് ലാബിൽ നിപ അടക്കം എല്ലാ ടെസ്റ്റുകളും ചെയ്യുന്നുണ്ട്. ബി.എസ്.എൽ ത്രീ ലാബ് വരുന്നതോടെ വൈറസ് കൾച്ചർ, ഗവേഷണം തുടങ്ങിയവ ചെയ്യാനുള്ള സൗകര്യവും ലഭിക്കും.ഐ.സി.എം.ആറിന്റെ പ്രോട്ടോക്കോൾ പ്രകാരം അന്തിമ സ്ഥിരീകരണം പുണെയിലെ വൈറോളജി ലാബിൽ നിന്നാണ് ലഭിക്കേണ്ടത്. എന്നാൽ പുതിയ ലാബിൽ നിന്ന് കൃത്യമായ ഫലം ലഭിക്കുന്നത് നടപടിക്രമങ്ങൾ വേഗത്തിലാക്കും. ഐസൊലേഷൻ ബ്ലോക്ക് സംവിധാനം ഒരുക്കുന്നതും പുരോഗമിക്കുകയാണ്. അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസവും വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചിരുന്നു.

ബി.എസ്.എൽ–3 ലാബ്

പ്രഹര ശേഷി കൂടിയതും അപകട സാദ്ധ്യതകളേറിയതുമായ രോഗാണുക്കളെയാണ് ബി.എസ്.എൽ–ത്രീ ലാബിൽ പരിശോധിക്കുക. അതീവ സുരക്ഷാ സംവിധാനത്തോടെ ഐ.സി.എം.ആർ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ലാബ് പ്രവർത്തിക്കുക. നിപ, കുരങ്ങുപനി, വെസ്റ്റ്‌നൈൽ, തുടങ്ങിയവയുടെ പരിശോധനകൾ ഇവിടെ നടക്കും.