എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി കരുനാഗപ്പള്ളി ക്ലാപ്പന വടക്ക് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
കുലശേഖരപുരം ആദിനാട് വടക്ക് വിഷ്ണു ഭവനത്തിൽ വിഷ്ണു (25), നീലികുളം ആലക്കോട് കിഴക്കതിൽ അഭിജിത്ത് (29) എന്നിവരാണ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചവും പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപ്, പ്രവന്റീവ് ഓഫീസർ ജെ.ആർ.പ്രസാദ് കുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.അനീഷ്, ബി.എസ്.അജിത്ത്, ജെ.ജോജോ, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, എച്ച്.അഭിരാം, അരുൺ ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഡ്രൈവർ എസ്.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.