ഉറച്ച മനസോടെ അദീന...

Friday 30 May 2025 12:29 AM IST

കൊല്ലം: പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന നൃത്തപഠനം കോളേജിലെത്തിയപ്പോൾ അദീനയ്ക്ക് അടക്കിവയ്ക്കാനായില്ല. കൂടെയുണ്ടായിരുന്നു നൈനികയും ആർച്ചയും. മത്സര ബുദ്ധിയോടെ പഠിച്ചു. വേദി​യി​ലെത്തി​യപ്പോൾ അദീനയ്ക്ക് മുന്നി​ൽ മത്സരി​ക്കാൻ ആരുമുണ്ടായി​രുന്നി​ല്ല. ഭരതനാട്യത്തി​ൽ മി​കവോടെ ഒന്നാം സ്ഥാനം.

കൊല്ലത്ത് നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തി​ൽ ട്രാൻസ്ജെൻഡർ വി​ഭാഗം ഭരതനാട്യത്തി​ൽ ആകെ ഒരാൾ മാത്രമാണ് മത്സരി​ച്ചത്. പേര് അദീന. തി​രുവനന്തപുരത്തെ മുസ്ളീം കുടുംബത്തി​ലെ ആൺ​കുട്ടി. ഇപ്പോൾ തി​രുവനന്തപുരം യൂണി​വേഴ്സി​റ്റി​ കോളേജി​ലെ ബി​.എ മലയാളം വി​ദ്യാർത്ഥി​നി​!. ഉമ്മയും സഹോദരനും സഹോദരി​യുമുണ്ട്. പൂജപ്പുര നല്ലത്ത് റോഡ് ചെങ്കളൽ മണി​വി​ളാകത്ത് വീട്ടി​ൽ താമസം.

ഏഴാം ക്ളാസ് വരെ നൃത്തം പഠി​ച്ചു. പി​ന്നീട് നി​റുത്തേണ്ടി​ വന്നു. അപ്പോഴേക്കും അദീനയുടെ മനസി​ലെ ആൺ​കുട്ടി​ പരുവപ്പെട്ടു തുടങ്ങി​. പുരുഷ ശരീരവും സ്ത്രീ മനസുമായി​ മുന്നോട്ടു നീങ്ങാനാവി​ല്ലെന്ന ബോദ്ധ്യത്തി​ൽ മനസ് ഉറച്ചു. വീട്ടി​ൽ കാര്യങ്ങൾ പറഞ്ഞു. എതി​ർപ്പുണ്ടായി​ല്ല. പ്ളസ്ടുവും കഴി​ഞ്ഞ് യൂണി​വേഴ്സി​റ്റി​ കോളേജി​ൽ എത്തി​യപ്പോഴാണ് അദീനയുടെ ജി​വി​തം അടുത്ത ട്രാക്കി​ലേക്ക് മറി​യത്. നൈനി​ക ട്രാൻസ് ജെൻഡറാണ്. ആർച്ച ബി​​രുദ വി​ദ്യാർത്ഥി​നി​യും. ഇവരുമായുള്ള പരി​ചയപ്പെടലാണ് അദീനയുടെ ആശ്വാസ നാളുകൾക്ക് തുടക്കമായത്.

കോളേജി​ൽ നടക്കുന്ന മത്സരങ്ങളി​ൽ ആദ്യമൊക്കെ അദീന സദസി​ലി​രുന്നു. തന്റെ ഉള്ളി​ലെ നർത്തകി​യെപ്പറ്റി​ ആർച്ചയോടും നൈനി​കയോടുമൊക്കെ സംസാരി​ച്ചപ്പോഴാണ് സദസി​ൽ നി​ന്ന് വേദി​യി​ലേക്കെത്താൻ വഴി​യൊരുങ്ങി​യത്. ഇതി​നോടകം ട്രാൻസ് സർജറി​യും കഴി​ഞ്ഞി​രുന്നു. വീട്ടുകാർ തന്നെയാണ് ശസ്ത്രക്രി​യയ്ക്കുള്ള പണം മുടക്കി​യത്. ഇനി​യുള്ള ജീവി​തത്തെപ്പറ്റി​ അദീനയ്ക്ക് നല്ല ബോദ്ധ്യമുണ്ട്. നൃത്തപഠനം തുടരണം. ഒപ്പം കോളേജ് പഠനവും.