ഹരം പകർന്ന് കോൽക്കളി

Friday 30 May 2025 12:30 AM IST

കൊല്ലം: വായ്ത്താരിക്കൊപ്പം താളാത്മകമായി കൈ മെയ് വഴക്കത്തോടെ കോലുകൾ തലങ്ങും വിലങ്ങും കൂട്ടിമുട്ടിച്ച് ആസ്വാദകർക്ക് ഹരം പകർന്ന് കോൽക്കളി ടീമുകൾ. കൊല്ലം കരിക്കോട്ടെ ഭരത് മുരളി നഗറിൽ നടന്ന കൗമാര കലാമേളയിൽ പുരാണ മുസ്ലിം കലാരൂപമായ കോൽക്കളിയായിരുന്നു പ്രധാന ആകർഷണം.

മാപ്പിളപ്പാട്ടിന്റെയും മദ്ഹ് ഗാനങ്ങളുടെയും ഇശലുകൾക്കും ശീലുകൾക്കുമൊപ്പം താളാത്മകമായ ചുവടുകളുമായി കളിക്കാർ ഇരട്ടക്കോലുകളിൽ വിസ്മയം തീർത്തു. കൈലിമുണ്ടും ബനിയനും തലയിൽ കെട്ടും ധരിച്ച് ഏഴ് ടീമുകളാണ് ഏറ്റുമുട്ടിയത്. തിരുവനന്തപുരം പനവൂർ മുസ്ലിം അസോസിയേഷൻ ആർട്സ് കോളേജും യൂണിവേയ്സിറ്റി കോളേജും നിൽപ്പിലും ചുവടുവയ്പ്പിലും തോൽക്കാൻ മനസില്ലാത്ത പോരാളികളെപ്പോലെ മിന്നും പ്രകടനം കാഴ്ച്ചവച്ച് ഒന്നാം സ്ഥാനം പങ്കിട്ടു. മുസ്ലീം അസോസിയേഷൻ കോളേജിനെ വിജയത്തിലേക്ക് നയിച്ചത് മാഷായ നിസാം അബ്ദുവിന്റെയും യൂണിവേഴ്സിറ്റി കോളേജിനെ മഹറൂഫ് കോട്ടക്കൽ, അജിൻഷ കുറ്റിച്ചൽ, മുനീർ മുഹമ്മദ് എന്നിവരടങ്ങുന്ന ടീമിന്റെയും നേതൃത്വത്തിലാണ്.

കളിക്കിടെ യൂണിവേഴ്സിറ്റി കോളേജ് ടീമിലെ ശ്യാമിന് കോലുകൊണ്ടുള്ള അടിയേറ്റ് മൂക്ക് പൊട്ടി രക്തം ഒലിച്ചിട്ടും അതൊന്നും വകവയ്ക്കാതെ കളിച്ചാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ടി.കെ.എം, മാർ ഇവാനിയോസ് കോളേജുകളിലെ ടീമുകൾക്ക് ചെറുതായി ചുവട് പിഴച്ചെങ്കിലും ഒന്നിനൊന്ന് മികവ് പുലർത്തി.