ഇടിയുന്ന എൻഎച്ച് 66 ; കള്ളൻമാർക്ക് കടുത്ത ശിക്ഷ, സൈറ്റ് എൻജിനിയറെ പിരിച്ചുവിട്ടു

Friday 30 May 2025 1:10 AM IST

ന്യൂഡൽഹി/മലപ്പുറം: ദേശീയ പാത 66ലെ നിർമ്മാണപ്പിഴവിൽ കടുത്ത നടപടിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ദേശീയ പാത അതോറിട്ടി സൈറ്റ് എൻജിനിയറെ പിരിച്ചുവിട്ടു. പ്രോജക്‌ട് ഡയറക്‌ടറെ സസ്‌പെൻഡ് ചെയ്‌തു. മലപ്പുറം കൂരിയാട് തകർന്ന റോഡ് കെ.​എ​ൻ.​ആ​ർ​ ​ക​ൺ​സ്ട്ര​ക്ഷൻ 80 കോടി ചെലവിൽ പൊളിച്ചു പണിയണം. ഇവിടെ വയഡക്‌ടും (തൂണിൻമേലുള്ള പാലം) നിർമ്മിക്കണം. നാലു മാസം കൊണ്ട് പൂർത്തിയാക്കണം.

സുരക്ഷ, രൂപകൽപന എന്നിവയുമായി ബന്ധപ്പെട്ട കൺസൾട്ടന്റ് കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. മുംബയ് സ്‌ട്രാറ്റാ ജിയോ സിസ്റ്റം, ഹൈദരാബാദ് എച്ച്.ബി.എസ് ഇൻഫ്രാ എൻജിനിയേഴ്സ്, ശ്രീ ഇൻഫോടെക് എന്നിവർക്കാണ് നോട്ടീസ്.

കേരളത്തിലെ മൊത്തം റീച്ചിലെയും നിർമ്മാണത്തിൽ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കാൻ ഡൽഹി ഐ.ഐ.ടിയിൽ നിന്ന് വിരമിച്ച പ്രൊഫ. ജി.വി.റാവുവിന്റെ മേൽനോട്ടത്തിലുള്ള മൂന്നംഗ സമിതിക്ക് നിർദ്ദേശം നൽകി. കൂടുതൽ പരിശോധനയ്ക്ക് പാലക്കാട് ഐ.ഐ.ടി, ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സെന്റർ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളടങ്ങുന്ന സാങ്കേതിക സംഘത്തെയും രൂപീകരിച്ചു.

കൂരിയാട് ഭാഗത്ത് ഒരു കിലോമീറ്റർ പൊളിച്ചുപണിയാൻ പ്രൊഫ. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. മണ്ണിന്റെ ഗുണനിലവാര പരിശോധന നടന്നില്ലെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. വയൽ ഭാഗത്ത് പാലം ഒഴിവാക്കിയത് ചെലവ് കുറയ്ക്കാനാണ്. വെള്ളം കയറിയപ്പോൾ മണ്ണിലുണ്ടായ സമ്മർദ്ദമാണ് റോഡ് തകരാൻ കാരണം. സർവീസ് റോഡിൽ നിന്ന് 40 അടി ഉയരത്തിൽ വാൾ നിർമ്മിച്ച് മണ്ണ് നിറച്ചാണ് പാത നിർമ്മിച്ചിട്ടുള്ളത്. കൂരിയാട് അണ്ടർപാസിനെ വയലിന്റെ മദ്ധ്യത്തെ അണ്ടർപാസുമായി ബന്ധിപ്പിച്ച് 400 മീറ്ററിൽ പാലം വേണമെന്നും ശുപാർശ ചെയ്തു.

വീണ്ടും തകർച്ച

കൂരിയാട് ദേശീയപാത ഇന്നലെ കൂടുതൽ പൊളിഞ്ഞു. പ്രധാന റോഡിന്റെ പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണിത്.

അതോറിട്ടി ചെയർമാൻ

നാളെ എത്തും

ദേശീയപാത തകർന്നത് ഗൗരവതരമെന്ന് ഇന്നലെ ഡൽഹിയിൽ ചേർന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) യോഗം വിലയിരുത്തി. വിശദ പരിശോധനയ്ക്കായി ദേശീയപാത അതോറിട്ടി ചെയർമാൻ സന്തോഷ്‌കുമാർ യാദവിനോട് നാളെ കേരളത്തിലെത്താൻ നിർദ്ദേശിച്ചു. മൂന്ന് ദിവസത്തെ സന്ദർശനമാണ്. ഏഴ് ജില്ലകളിലെ പ്രശ്നബാധിത പ്രദേശങ്ങളും നിർമ്മാണം പുരോഗമിക്കുന്ന മറ്റു സ്ഥലങ്ങളും കണ്ട് വിലയിരുത്തും. നിർമ്മാണ പുരോഗതിയും ഗുണമേന്മയും വിലയിരുത്താൻ സാങ്കേതിക വിദഗ്ദ്ധർ പോലും ഉണ്ടായിരുന്നില്ലെന്ന് പി.എ.സി വിലയിരുത്തി. പെർഫോർമൻസ് ഓഡിറ്റ് പരിശോധിക്കാൻ സി.എ.ജിയോട് നിർദ്ദേശിച്ചു. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പി.എ.സി ചെയർമാൻ കെ.സി. വേണുഗോപാൽ നിർദ്ദേശിച്ചു. യോഗത്തിൽ കേന്ദ്ര ഗതാഗത മന്ത്രാലയ സെക്രട്ടറി ഉമാശങ്കറും പങ്കെടുത്തു.