സർക്കാർ ഏറ്റെടുത്ത് അളന്നു , ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ഭൂമിയിൽ 5 സെന്റ് കാണാനില്ല
കൊച്ചി: ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ എറണാകുളത്തെ വസതിയായ 'സദ്ഗമയ" സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമി അളന്നപ്പോൾ അഞ്ചുസെന്റ് കുറവ്. കൈവശാവകാശരേഖ പ്രകാരം 22 സെന്റുണ്ട്. കരവുമടയ്ക്കുന്നു. എന്നാൽ, ഇന്നലെ അളന്നപ്പോൾ മതിൽക്കെട്ടിനുള്ളിലുള്ളത് 17സെന്റ് മാത്രം. ചുറ്റുമതിൽ നേരത്തേയുണ്ട്. കോടികൾ വിലയുള്ള ഭൂമിയാണ് എം.ജി റോഡ് കെ.പി.സി.സി ജംഗ്ഷനിലേത്.
വസതി നിയമപഠന ഗവേഷണ കേന്ദ്രമാക്കും. നടപടികൾ അന്തിമഘട്ടത്തിലാണ്. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ഇന്നലെ സ്ഥലപരിശോധന നടത്തിയത്. ജസ്റ്റിസ് കൃഷ്ണയ്യർ വിശ്രമജീവിതം നയിച്ച വീടാണ് സദ്ഗമയ. സാംസ്കാരിക നായകരും ഭരണകർത്താക്കളും നിയമോപദേശങ്ങൾക്കും മദ്ധ്യസ്ഥ്യ ചർച്ചകൾക്കും മറ്റുമായി നിരന്തരം ഇവിടെ എത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയും ഇവിടെ വന്ന് കൃഷ്ണയ്യരെ കണ്ടു.
കൃഷ്ണയ്യരുടെ മക്കൾ വീട് വിൽക്കാൻ ആലോചിച്ചപ്പോൾ മന്ത്രി പി.രാജീവ് ഇടപെട്ടാണ് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. മക്കളുടെ തീരുമാനം അനുകൂലമായി.
വി.എസിന്റെ ഇടപെടൽ
2014 ഡിസംബർ 4: നൂറാം വയസിൽ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ നിര്യാതനായി
2016 ജൂൺ: സദ്ഗമയ ഏറ്റെടുത്ത് സ്മാരകം നിർമ്മിക്കണമെന്ന് വി.എസ്.അച്യുതാനന്ദൻ സർക്കാരിന് നിവേദനം നൽകി
2022: ജസ്റ്റിസ് കൃഷ്ണയ്യർക്ക് സ്മാരകം എന്ന ആവശ്യം ശക്തമായി. പ്രാരംഭ നടപടികൾക്കായി ഒരുകോടി ബഡ്ജറ്റിൽ വകയിരുത്തി
തുടർനടപടി നീണ്ടു. ഭൂമി ഏറ്റെടുക്കൽ ചെലവുകൾക്ക് കഴിഞ്ഞ വർഷം 38.30 ലക്ഷം രൂപ സർക്കാർ അനുവദിച്ചു
2025 മേയ് 2: ഭൂമി അളന്ന് റിപ്പോർട്ട് തയ്യാറാക്കാൻ സ്പെഷ്യൽ സർവേയറെ നിയമിച്ചു
മേയ് 29: ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ അന്തിമ സ്ഥലപരിശോധന