സിനിമയിലെ അതിക്രമം: നിയമ നിർമ്മാണത്തിന്റെ സമയക്രമം അറിയിക്കണം
Saturday 31 May 2025 1:19 AM IST
കൊച്ചി: സിനിമാ മേഖലയിൽ വനിതകൾക്കെതിരായ അതിക്രമം തടയാൻ പ്രത്യേക നിയമം നടപ്പാക്കുന്നതിന്റെ സമയക്രമം അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. നിയമ രൂപീകരണത്തിനു മുന്നോടിയായുള്ള സിനിമാ കോൺക്ലേവ് ആഗസ്റ്റിലേക്ക് മാറ്റിയെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ഡോ.എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുകയായിരുന്ന കോടതി ജൂൺ 9ന് സമയക്രമം അറിയിക്കാൻ നിർദ്ദേശിച്ചു. ചലച്ചിത്ര മേഖലയിൽ മോണിറ്ററിംഗ് കമ്മിറ്റികളുടെ പ്രവർത്തനത്തിനായി മാർഗനിർദ്ദേശം രൂപീകരിക്കാൻ വനിതാ ശിശു ക്ഷേമ വകുപ്പിന് നിർദ്ദേശം നൽകണമെന്ന് വാദത്തിനിടെ വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു.