ലഹരിക്കെതിരെ കേരളം ഒന്നിക്കണം: ചെന്നിത്തല

Friday 30 May 2025 1:23 AM IST

തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനകീയ പ്രതിരോധം കൂടി ആവശ്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 'പ്രൗഡ് കേരള 'യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ലഹരിക്കെതിരെ സമൂഹ നടത്തം- 'വോക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മ്യൂസിയത്തിന് സമീപം ശ്രീനാരായണ ഗുരു പ്രതിമയുടെ മുന്നിൽ നിന്ന് ആരംഭിച്ച സമൂഹ നടത്തം മാനവിയം വീഥിയിൽ അവസാനിച്ചു. ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ പാളയം ഇമാം ഡോ.സുഹൈബ് മൗലവി,ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി,ഷെവലിയാർ ഡോ.കോശി എം ജോർജ്,ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ,മുൻ ഡി.ജി.പിമാരായ ഹേമചന്ദ്രൻ,ഋഷിരാജ്സിംഗ്,റവ. ഡോ. സി.ഐ. ഡേവിഡ് ജോയ്,സാൽവേഷൻ ആർമി ലഫ്.കേണൽ എൻ.ഡി.ജോഷ്വാ,കിംസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഇ.എം.നജീബ്,സാഹിത്യകാരൻമാരായ ജോർജ് ഓണക്കൂർ,ഡോ. വിളക്കുടി രാജേന്ദ്രൻ,സുദർശൻ കാർത്തിക പറമ്പിൽ,ഇന്ത്യൻ ഹാന്റ്‌ബോൾ ടീം ക്യാപ്റ്റൻ ശിവപ്രസാദ്,ഗായകരായ ജി.ശ്രീറാം,മണക്കാട് ഗോപൻ,അപർണ രാജീവ്,പാലോട് രവി,ശരത്ചന്ദ്രപ്രസാദ്,എ.ടി ജോർജ്,കെ.എസ്.ശബരീനാഥൻ,എം.ആർ മനോജ്,ജി.സുബോധൻ,മര്യാപുരം ശ്രീകുമാർ,എൻ.പീതാംബരക്കുറുപ്പ്,കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കൺവീനർ അഡ്വ.പ്രാണകുമാർ സ്വാഗതവും ടി.പി പ്രസാദ് നന്ദിയും പറഞ്ഞു. ആദ്യ പരിപാടി കോഴിക്കോടായിരുന്നു. അടുത്ത പരിപാടി എറണാകുളത്ത് നടക്കും.