കാലടി പാലത്തിൽ കുടുങ്ങി സുരേഷ് ഗോപി

Friday 30 May 2025 1:26 AM IST

കൊച്ചി: കാലടി പാലത്തിൽ കുഴികൾ മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോട്ടയത്തു നിന്ന് തൃശൂരിലേക്കുള്ള യാത്രയ്‌ക്കിടെയാണിത്. തുടർന്ന് വാഹനം നിറുത്തി ഇറങ്ങിയ അദ്ദേഹം പാലത്തിൽ പരിശോധന നടത്തി. ഇവിടത്തെ ഗതാഗതക്കുരുക്കിനെക്കുറിച്ച് പ്രദേശവാസികൾ അദ്ദേഹത്തെ ധരിപ്പിച്ചു. തുടർന്ന് പൊതുമരാമത്ത് സെക്രട്ടറിയെ ഫോണിൽ ബന്ധപ്പെട്ട സുരേഷ് ഗോപി പരിഹാരം കാണണമെന്ന് നിർദ്ദേശിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടോടെയാണ് കേന്ദ്രമന്ത്രി ഇവിടെയെത്തിയത്. കനത്ത മഴയിൽ വലിയ ഗതാഗതക്കുരുക്കായിരുന്നു പാലത്തിൽ. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പാലത്തിലിറങ്ങി മന്ത്രിയുടെ വാഹനം കടത്തിവിടാൻ ശ്രമിച്ചെങ്കിലും അതിനു കൂട്ടാക്കാതെ കേന്ദ്രമന്ത്രി അവിടെ ഇറങ്ങുകയായിരുന്നു. എം.സി റോഡിലെ ഏറ്റവും തിരക്കേറിയ പാലമാണ് കാലടിയിലേത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്കടക്കം പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.