സിസ തോമസിന് ആശ്വാസം; രണ്ടാഴ്‌ചയ്‌ക്കകം എല്ലാ വിരമിക്കൽ ആനുകൂല്യങ്ങളും നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി

Friday 30 May 2025 10:50 AM IST

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായിരുന്ന ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് സർക്കാരിനോട് ഹൈക്കോടതി. സിസ തോമസ് സർവീസിൽ നിന്ന് വിരമിച്ചിട്ട് രണ്ട് വർഷത്തിലധികമായി. എന്നാൽ, വിരമിക്കൽ ആനുകൂല്യങ്ങൾ ഒന്നുംതന്നെ സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

സർക്കാരിന്റെ നടപടി ചോദ്യംചെയ്‌ത് സിസ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്‌താഖ്, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. സിസ തോമസിന് എല്ലാ വിരമിക്കൽ ആനുകൂല്യങ്ങളും രണ്ടാഴ്‌ചയ്‌ക്കകം നൽകണമെന്നാണ് വിധി.

നേരത്തേ സർക്കാരിന്റെ പട്ടിക മറികടന്ന് മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിസ തോമസിനെ സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വിസിയായി നിയമിച്ചിരുന്നു. ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി മാതൃസ്ഥാപനത്തെയും വകുപ്പിനെയും സിസ തോമസ് അറിയിച്ചിരുന്നില്ല എന്നതാണ് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടയുന്നതുള്ള കാരണമായി സർക്കാർ പറയുന്നത്. ഇതിന് തിരിച്ചടിയായാണ് സർക്കാരിനെതിരെ ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.