കാട്ടിലെ ദുരിതവും കാട്ടുനീതിയും

Friday 30 May 2025 11:38 AM IST

കാട്ടാനക്കലിയുടെ കൊലക്കളത്തിൽ

മലയോര ജില്ലകളിൽ വനാതിർത്തികളിൽ മാത്രമല്ല, അതിനോടു ചേർന്ന് പത്ത് കിലോമീറ്റർ വിസ്തൃതിയിലെ ജനവാസമേഖലയിൽപ്പോലും വന്യജീവികളുടെ ആക്രമണം കാരണം ജീവിതം അസാദ്ധ്യമെന്നതാണ് വർഷങ്ങളായുള്ള അവസ്ഥ. രാത്രി മാത്രമല്ല, പകൽ പോലും വീടിനു പുറത്തിറങ്ങിയാൽ കാട്ടാനയുടെ കാൽക്കീഴിൽ ജീവൻ ചതഞ്ഞരയും! പതിയിരിക്കുന്ന കടുവയുടെ വായിൽ പ്രാണൻ കൊരുത്തേക്കും! അതിനിടയിൽ, കാട്ടാന ചരിഞ്ഞതിന്റെയും കാട്ടുപന്നി വണ്ടിയിടിച്ച് ചത്തതിന്റെയും പേരിൽ വനംവകുപ്പ് അധികൃതർ ഉണ്ടാക്കിയെടുക്കുന്ന കേസുകൾ കാരണമുള്ള പൊല്ലാപ്പ് വേറെ...

മനുഷ്യ ജീവനുകൾ പൊലിയുമ്പോഴും പരിഹാരം കാണാനാകാതെ വനംവകുപ്പിന്റെ ഒളിച്ചുകളി. വഴിവിട്ട ഉദ്യോഗസ്ഥ ഇടപാടുകളും,​ അവരെ സംരക്ഷിക്കാൻ വകുപ്പും മന്ത്രി നടത്തുന്ന ഇടപെടലുകളും വാർത്തയാകുന്നു. വിജിലൻസിന്റെ പിടിയിലായ ഉദ്യോഗസ്ഥർ പോലും വീണ്ടും അതേ സ്ഥാനത്ത് നിയമിക്കപ്പെടുന്നു. കാട്ടിലെ തടി,​ തേവരുടെ ആന.... കാലം മാറിയിട്ടും കാട്ടിലെ നീതിവാക്യം ഇതൊക്കെത്തന്നെ!

ഒടുങ്ങാത്തനിലവിളികൾ

പുരയിടത്തിലെ തെങ്ങ് വലിച്ചൊടിക്കുന്ന ശബ്ദംകേട്ട് വീടിനു വെളിയിലിറങ്ങിയ പത്തനംതിട്ട പെരുനാട് തുലാപ്പള്ളി പുളിയൻകുന്നുമല കുടിലിൽ വീട്ടിൽ കർഷകനായ ബിജു മാത്യുവിന് (52) ജീവൻ നഷ്ടമായത് ഞൊടിയിടയിലായിരുന്നു. പുറത്തിറങ്ങി,​ തലയിൽ ധരിച്ച ഹെഡ്ലൈറ്ര് ഓണാക്കാനുള്ള സമയംപോലും കിട്ടിയില്ല. മുറ്റത്തേക്ക് പാഞ്ഞുകയറിവന്ന കാട്ടാന ബിജുവിനെ തുമ്പിക്കൈയിൽ ചുറ്റിപ്പിടിച്ച് നിലത്തടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഡെയ്സി വീടിനകത്തേക്ക് ഓടിക്കയറിയതുകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

2024 മാർച്ച് 31-ന് അർദ്ധരാത്രി പിന്നിട്ട്,​ ഒന്നരയ്ക്കായിരുന്നു സംഭവം. ഈസ്റ്റർ ദിനത്തിലെ പ്രാർത്ഥനയ്ക്കും ഉയിർപ്പ് പെരുന്നാളിനും ശേഷം ഉറക്കത്തിലേക്കു കടന്ന കുടുംബത്തിലേക്ക് ദുരന്തം കാട്ടാനയുടെ രൂപത്തിൽ വന്നത് അത്ര വേഗത്തിലായിരുന്നു. പ്രദേശത്ത് ആനശല്യമുള്ളതിന് സൂചനകളുണ്ടായിരുന്നെങ്കിലും ദുരന്തം പടിവാതിൽക്കലെത്തുമെന്ന് ബിജുവും കുടുംബവും കരുതിയതേയില്ല. ചെറിയ കൃഷിയും റബ്ബറുമൊക്കെയായി ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ നെടുംതൂണാണ് കാട്ടാന ആക്രമണത്തിൽ തകർന്നുപോയത്. ആ രാത്രിയുടെ ഭീതിയിലും പകപ്പിലും നിന്ന് ഡെയ്സിയും മക്കളായ ബിൻസിയും ബിൻസണും ഇപ്പോഴും മോചിതരായിട്ടില്ല.

കാട്ടാന,​ കാട്ടുപോത്ത്, കാട്ടുപന്നി ആക്രമണങ്ങൾ ഈ മേഖലകളിൽ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ദിനംപ്രതി പെരുകുന്ന ഭയാശങ്കകളോടെയാണ് വനമേഖലയ്ക്കടുത്ത് താമസിക്കുന്ന മിക്ക കുടുംബങ്ങളും കഴിയുന്നത്. വന്യജീവികളെ ഭയന്ന് ജീവിക്കാനോ,​ എല്ലാം ഇട്ടെറിഞ്ഞ് എവിടേക്കെങ്കിലും മാറിപ്പോകാനോ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ഇതുതന്നെയാണ് മാനന്തവാടി, സുൽത്താൻ ബത്തേരി അടക്കം വയനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും,​ കണ്ണൂർ ആറളം, പാലക്കാട് അട്ടപ്പാടി, ഇടുക്കിയിലെ മൂന്നാർ, ദേവികുളം പ്രദേശങ്ങളിലുള്ളവരും വനമേഖലയിലെ ദുരിതജീവിതത്തെക്കുറിച്ച് പറയുന്നത്.

കാട്ടാനക്കലി; 200 മരണം

2024-25 കാലയളവിൽ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം 20 പേരാണ് വിവിധ ജില്ലകളിലായി കൊല്ലപ്പെട്ടത്. ഈ ജനുവരിക്കു ശേഷം പത്തു പേർ മരിച്ചു. കടുവ, കാട്ടുപന്നി, പാമ്പ് എന്നിവയുടെ ആക്രമണങ്ങളിൽ സംസ്ഥാനത്ത് അറുപതോളം പേർ മരിച്ചു. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ ഇരുന്നൂറോളം പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വന്യജീവി സംഘർഷം നിയന്ത്രിക്കാൻ 10 കർമ്മപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പരാതി.

കാടിറങ്ങുന്ന വന്യജീവികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള റിയൽ ടൈം മോണിറ്ററിംഗ്, ഏർലി വാണിംഗ് സിസ്റ്റം അടക്കമുള്ളവ നടപ്പാക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. വന്യജീവി ആക്രമണം രൂക്ഷമായ ഹോട്ട്സ്പോട്ടുകളിൽ 400-ലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളും നാലായിരത്തിലധികം ആളുകൾക്ക് എസ്.എം.എസ് ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമുണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ, വനാതിർത്തികളിൽ എ.ഐ ക്യാമറകളും മറ്റ് നിരീക്ഷണ സംവിധാനങ്ങളുമുണ്ടെങ്കിലും ഒരു മുന്നറിയിപ്പും ലഭിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. സോളാർ ഫെൻസിംഗ് അടക്കമുള്ളവ സജ്ജമാക്കിയിട്ടുണ്ടെങ്കിലും കാട്ടാനയെ പ്രതിരോധിക്കാൻ അവ പര്യാപ്തവുമല്ല.

കുരുക്കഴിയാത്ത പന്നിക്കെടുതി

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപന പ്രസിഡന്റും സെക്രട്ടറിയും നിയോഗിക്കുന്ന ഷൂട്ടർമാർക്ക് വെടിവച്ചുകൊല്ലാൻ സംസ്ഥാന സർക്കാ‌ർ അധികാരം നൽകിയിട്ടുണ്ടെങ്കിലും മതിയായ ഷൂട്ട‌ർമാരില്ലാത്തതും പിന്നീടുണ്ടാകുന്ന നിയമ പ്രശ്നങ്ങളും കാരണം പ്രശ്നത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. ഇവയെ കൊലപ്പെടുത്തുന്നതിനെ കേന്ദ്രം എതിർക്കുന്നതിനാൽ ആശയക്കുഴപ്പം രൂക്ഷമാണ്. കാട്ടുപന്നിയെ വേട്ടയാടാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ പറയുന്നു. അതേസമയം, കാട്ടുപന്നികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിട്ടുമില്ല.

1793 കാട്ടാനകൾ 273 ഹോട്ട്സ്പോട്ട്

 2024- ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 1793 കാട്ടാനകളുണ്ടെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, അപകടകാരികളായവ എത്രയുണ്ടെന്നതിന് കണക്കില്ല.

 273 ഹോട്ട്സ്പോട്ടുകൾ, 30 പഞ്ചായത്തുകളിൽ വന്യജീവി സംഘർഷം അതിരൂക്ഷം

 26 ദ്രുതകർമ്മ സേനകൾ, ഏകോപിപ്പിക്കാൻ സംസ്ഥാന- ജില്ലാതല കൺട്രോൾ റൂമുകൾ

 സംഘർഷം രൂക്ഷമായ മേഖലകളിൽ നിരീക്ഷണത്തിന് ക്യാമറകളുണ്ടെങ്കിലും നിബിഡ വനത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം ഫലപ്രദമല്ല.

തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിക്കൂട്ടിലാക്കുന്നത്. വന്യജീവി ആക്രമണം നിയന്ത്രിക്കാൻ സർക്കാരും വനംവകുപ്പും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുന്നില്ലെന്നാണ് ആരോപണം. അതിനിടയിലും ചെറിയ കാരണങ്ങളും കുറ്രങ്ങളും ചുമത്തി വനാതിർത്തിയിലുള്ളവരെ കേസുകളിൽ കുടുക്കാനാണ് ഉദ്യോഗസ്ഥർ വ്യഗ്രത കാട്ടുന്നതെന്ന ആക്ഷേപവും ശക്തമാണ്.

കാട്ടുമൃഗങ്ങളെക്കാൾ ക്രൂരം കേസുകളുടെ കുരുക്ക്

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കേണ്ട വനംവകുപ്പ്, വനാതിർത്തിയിൽ താമസിക്കുന്നവരെ തങ്ങളുടെ അധികാരം ഉപയോഗിച്ച് കേസുകളിൽ കുരുക്കാനാണ് കൂടുതൽ ആവേശം കാട്ടുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം. കുറഞ്ഞത് ഒരു കേസെങ്കിലുമില്ലാത്ത കുടുംബം വനാതിർത്തികളിൽ ഉണ്ടാകില്ല! അനധികൃതമായി കാട്ടിൽ പ്രവേശിച്ചു,​ കന്നുകാലികളെ കാട്ടിൽ മേയാൻ വിട്ടു, ചുള്ളിയോ മരക്കൊമ്പോ വെട്ടിയെടുത്തു എന്നു തുടങ്ങി,​ വനത്തിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങൾ നശിപ്പിച്ചു, വേലി പൊളിച്ചു, ക്യാമറ തകർത്തു എന്നുവരെ സാധാരണക്കാരെ കുരുക്കാൻ വകുപ്പുകൾ വേണ്ടത്രയുണ്ട്. ഇത്തരം കേസുകളിൽ പലതും വനപാലകർ തന്നെ കെട്ടിച്ചമയ്ക്കുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. കേസിൽ കുരുങ്ങിയും കോടതി കയറിയും പാവങ്ങൾ ഒരുവഴിക്കാകും!

ഇത്തരമൊരു കുരുക്കിന്റെ ദുരന്തമാണ് മണിയാർ പടിഞ്ഞാറെ ചെരുവിൽ പി.പി. മത്തായിയുടെ മരണത്തിൽ കലാശിച്ചത്. 2020 ജൂലൈ 28-നായിരുന്നു സംഭവം. ചിറ്റാർ ഫോറസ്റ്ര് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായ മത്തായിയുടെ മൃതദേഹം കുടപ്പനയിലുള്ള അദ്ദേഹത്തിന്റെ ഫാമിനോട് ചേർന്നുള്ള കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയുടെ മെമ്മറി കാർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മത്തായി, കിണറ്റിൽ ചാടിയതാണെന്ന് വനപാലകരും കൊലപ്പെടുത്തിയതാണെന്ന് കുടുംബവും വാദിക്കുന്നു.

വലിയ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ റേഞ്ച് ഓഫീസർ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തതിനു ശേഷമാണ് 45 ദിവസം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിച്ചത്. പിന്നീട് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. മത്തായിയെ കസ്റ്റ‌ഡിയിലെടുത്തത് അന്യായമായാണെന്നും,​ നടപടികളിൽ വീഴ്ചയുണ്ടായെന്നും തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

എന്നാൽ, മത്തായിയെ കിണറ്റിൽ തള്ളിയിട്ടതാണെന്നും,​ കേസ് വേണ്ടരീതിയിൽ അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഷീബ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിച്ച തുടരന്വേഷണം പുരോഗതിയിലാണ്. പ്രാഥമിക കുറ്റപത്രത്തിന്മേലുള്ള വിചാരണ നടപടികൾ തുടരുകയും ചെയ്യുന്നു. ആറ് മാസത്തോളം സസ്പെൻഷനിൽ കഴിഞ്ഞ ഉദ്യോഗസ്ഥർ മറ്റ് നടപടികളൊന്നും നേരിടാതെ സർവീസിലുണ്ട്. രണ്ട് പെൺകുട്ടികളുമായി ഷീബ കഴിഞ്ഞ അഞ്ചു വർഷമായി നിയമ പോരാട്ടം തുടരുന്നതും വനപാലകർ മുറുക്കിയ കുരുക്കിന്റെ ബാക്കിപത്രം. വനവുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങി ഇത്തരത്തിൽ നിയമ പോരാട്ടങ്ങൾ നടത്തുന്നവർ നിരവധിയാണ്.

അടുത്തിടെ കോന്നി പാടം ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായ സംഭവത്തിലും വനപാലകർക്കെതിരെയാണ് ആക്ഷേപം. പത്തനംതിട്ട കുളത്തുമൺ ഭാഗത്ത് സോളാർ വേലിയിൽ നിന്നുള്ള ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രദേശത്ത് കൈതക്കൃഷി നടത്തുന്നയാളുടെ സഹായിയെ വനപാലകർ കസ്റ്റഡിയിലെടുത്തും, കെ.യു. ജനീഷ് കുമാർ എം.എൽ.എ ഫോറസ്റ്റ് സ്റ്റേഷനിലെത്തി പിടിച്ചിറക്കി കൊണ്ടുപോയതും വലിയ വിവാദത്തിനിടയാക്കിയിരുന്നു.

കൈത കൃഷി ചെയ്യുന്ന തോട്ടത്തിൽ സ്ഥാപിച്ച സോളാർ വേലിയിൽ വൈദ്യുതി കടത്തിവിട്ടതു മൂലമാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ഇക്കാര്യത്തിൽ തോട്ടമുടമയ്ക്കും ജീവനക്കാ‌ർക്കും പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്നും ഉദ്യോഗസ്ഥർ വാദിക്കുന്നു. എന്നാൽ, സോളാർ വേലിയിൽ വൈദ്യുതി കടത്തിവിടാനുള്ള ഒരു സജ്ജീകരണവും സ്ഥലത്തുണ്ടായിരുന്നില്ലെന്നും, അങ്ങനെ വൈദ്യുതി ഉപയോഗിച്ചിരുന്നെങ്കിൽ സോളാർ ഊർജം സംഭരിക്കുന്ന ബാറ്ററിക്ക് കേടുപാടുണ്ടാകുമായിരുന്നെന്നും കൈത കൃഷിക്കാരും പറയുന്നു. കാട്ടാന ചരിഞ്ഞതിന്റെ പേരിൽ പ്രദേശവാസികളെ കേസിൽ കുടുക്കാനുള്ള നീക്കമാണിതെന്ന് എം.എൽ.എയും ആരോപിക്കുന്നു.

സംഭവത്തിൽ എം.എൽ.എയ്ക്ക് അനുകൂലമായി സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലത്ത് മതിയായ സുരക്ഷയും പ്രതിരോധവും ഏർപ്പെടുത്താതെ നാട്ടുകാരെ കേസിൽ കുടുക്കാനാണ് വനപാലകർ ശ്രമിക്കുന്നതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിക്കുന്നത്. എന്തായാലും കേസെടുത്തതിൽ നിന്ന് പിന്മാറാൻ വനംവകുപ്പ് തയ്യാറായിട്ടില്ല. കേസിൽ കസ്റ്റഡിയിലെടുത്തയാളെ സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ച സംഭവത്തിൽ എം.എൽ.എ ജനീഷ് കുമാറിനെതിരെയും ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്.

വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷ ഏർപ്പെടുത്തി 1961-ലെ വനം നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ നീക്കം നടത്തിയെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. പൊലീസിനെപ്പോലെ, വനസംരക്ഷണത്തിന്റെ പേരിൽ വനപാലകർക്ക് കൂടുതൽ അധികാരം നൽകുന്നതിനായിരുന്നു നീക്കം. വനാതിർത്തിയിൽ കഴിയുന്നവരെ കേസിൽ കുടുക്കുന്ന നടപടി കൂടുതലായി ദുരുപയോഗം ചെയ്യുമെന്നും നിയമം പ്രാബല്യത്തിലായാൽ തങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാകുമെന്നും കർഷകരും സംഘടനകളും ചൂണ്ടിക്കാട്ടി. ഭേദഗതി ബില്ലിനെ എതിർത്ത് ക്രൈസ്തവ സഭകളും മന്ത്രിസഭയിൽ പങ്കാളിയായ കേരളാ കോൺഗ്രസ് - എമ്മും രംഗത്തെത്തിയതോടെ നിയമ ഭേദഗതി ഉപേക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

നഷ്ടപരിഹാരത്തിലെ കീറാമുട്ടികൾ

വന്യജീവി സംഘർഷം പോലെ രൂക്ഷമായ പ്രശ്നമാണ് സംഘർഷത്തിൽ ഇരകളാകുന്നവർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിലെ കുരുക്കുകളും. കടുവ, കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും,​ പരിക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപ വരെയുമാണ് നഷ്ടപരിഹാരം. പാമ്പ്, തേനീച്ച, കടന്നൽ എന്നിവ മൂലമുള്ള മരണത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമെന്നത് നാലു ലക്ഷമാക്കി വർദ്ധിപ്പിച്ചു.

വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും സർക്കാ‌ർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 10 ലക്ഷം രൂപ വീതം കേന്ദ്രവും സംസ്ഥാനവും നൽകാൻ വ്യവസ്ഥയുണ്ടെന്നും,​ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപയും ഉൾപ്പെടെ 24 ലക്ഷം രൂപയുടെ അർഹതയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസിൽ അമിക്കസ് ക്യൂറി അഡ്വ. എം.പി. മാധവൻകുട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വനത്തിന് പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചാൽ കേന്ദ്രത്തിന്റെ 10 ലക്ഷത്തിനു പുറമേ വനംവകുപ്പിന്റെ 2 ലക്ഷവും ദുരന്തനിവാരണ നിധിയിൽ നിന്നുള്ള 4 ലക്ഷവും അടക്കം 16 ലക്ഷം രൂപയ്ക്ക് അർഹതയുണ്ട്.

എന്നാൽ, കേന്ദ്രം നൽകുന്ന നഷ്ടപരിഹാരത്തെക്കുറിച്ച് വ്യക്തതയില്ലെന്നാണ് സംസ്ഥാന വനംവകുപ്പ് പറയുന്നത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ 2023 ഡിസംബർ 22-ലെ ഉത്തരവ് പ്രകാരമാണ് വനംവകുപ്പ് 10 ലക്ഷം നൽകുന്നതെന്നും ഇത് കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രോജക്ട് എലിഫന്റ് ആൻഡ് ടൈഗർ, ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഒഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് എന്നീ പദ്ധതികളിൽ വകയിരുത്തുന്ന തുക കൂടി ഉൾപ്പെടുത്തിയാണ് നൽകുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ആശ്രിതർ ആര്?​ തെളിയിക്കണം

വന്യജീവി ആക്രമണമുണ്ടായി മരണം സംഭവിച്ചാൽ അടിയന്തര സഹായമായി 5 ലക്ഷം രൂപ അനുവദിക്കും. ബാക്കിയുള്ളവ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും ഫോറസ്റ്റ് റേഞ്ച് ഓഫീസർ അടക്കമുള്ളവ‌‌ർ വന്യജീവി ആക്രമണമാണെന്ന് സ്ഥിരീകരിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ലഭിക്കുക. ആശ്രിതർ യഥാർത്ഥ അവകാശികളാണെന്നും ഒന്നിൽ കൂടുതൽ പങ്കാളികളോ അവരിൽ മക്കളോ ഇല്ലെന്ന് തെളിയിക്കുകയും ചെയ്യണം. ഇക്കാര്യങ്ങളിൽ വലിയ നൂലാമാലകളുണ്ടെന്നാണ് ഇരകളാകുന്നവർ പറയുന്നത്.

വനാതിർത്തിയിലും ഉള്ളിലുമായി താമസിക്കുന്നവരാണ് വന്യജീവി ആക്രമണങ്ങളിൽ ഇരകളാകുന്നവർ കൂടുതലും. അതിൽ കൂടുതലും ആദിവാസികളും സാമ്പത്തികമായി വളരെ പിന്നാക്ക അവസ്ഥയിലുമുള്ളവരുമാണ്. ആശ്രിതർ യഥാർത്ഥ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇവരിൽ പലർക്കുമില്ല. കൂടാതെ, ഒന്നിലധികം പങ്കാളികളുള്ളവരുമുണ്ട്. ഇതോടെ, ആദ്യത്തെ അടിയന്തര സഹായമൊഴിച്ച് ബാക്കിയുള്ള നഷ്ടപരിഹാര സാദ്ധ്യത ചുവപ്പുനാടയിൽ കുരുങ്ങും. മരണമടയുന്നവർക്കുള്ള സഹായത്തിന് വലിയ മുടക്കങ്ങൾ ഉണ്ടാകില്ലെങ്കിലും പരിക്ക്, കൃഷിനാശം തുടങ്ങിയവയ്ക്കുള്ള സഹായം ലഭ്യമാകുന്നത് ബാലികേറാ മലയാണെന്ന് മലയോര കർഷകർ പറയുന്നു.

അതിർത്തിയെ ചൊല്ലി തർക്കം

നഷ്ടപരിഹാരം അനുവദിക്കുന്നതിന്,​ വന്യജീവി ആക്രമണമുണ്ടായത് വനത്തിനുള്ളിലോ, അതിനു പുറത്തോ എന്നതു സംബന്ധിച്ച് ഒരു മാനദണ്ഡം വനംവകുപ്പ് ഏർപ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെ അത് നീക്കം ചെയ്തു. വന്യജീവി സംഘർഷം സംസ്ഥാനത്തിന്റെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിട്ടിയാണ് ഈ കാടൻ നിബന്ധന നീക്കം ചെയ്തത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതാണെങ്കിലും അത് വനത്തിനുള്ളിൽ വച്ചാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം മുടക്കുകയാണ് നേരത്തെ ചെയ്തിരുന്നത്. ഇതിനെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് ഈ നിബന്ധന നീക്കംചെയ്തത്. മരണകാരണമായ ആക്രമണം വനത്തിനുള്ളിൽവച്ചാണോ പുറത്തുവച്ചാണോ എന്നത് കണക്കിലെടുക്കാതെ നഷ്ടപരിഹാരം നൽകണമെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൃഷിനാശം എന്ന ശാപം

കൃഷിനാശത്തിലുള്ള നഷ്ടപരിഹാരത്തിൽ കഴിഞ്ഞ പത്തു വ‌ർഷത്തിലേറെയായി വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. മഴവെള്ളം ലഭിക്കുന്ന പ്രദേശങ്ങളിൽ ഒരു ഹെക്ടറിന് 8500 രൂപയും (പരമാവധി ഒരു ലക്ഷം രൂപ വരെ) ജലസേചനത്തെ ആശ്രയിച്ചുള്ള സ്ഥലങ്ങളിൽ ഹെക്ടറിന് 17,000 രൂപയും നിത്യഹരിത വിളകൾക്ക് 22,000 രൂപയുമാണ് നഷ്ടപരിഹാരം. കൃഷിവകുപ്പ് എയിംസ് പോർട്ടലിൽ നൽകുന്ന പ്രകൃതിദുരന്ത വിളനാശ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കുന്നത്.

ഇത് 2015-ൽ ഏർപ്പെടുത്തിയ നിരക്കാണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. അത്യുത്പാദന ശേഷിയുള്ള വിത്തും വളവും വലിയ വില കൊടുത്ത് വാങ്ങുമ്പോൾ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് വന്യജീവി ആക്രമണത്തിൽ ലഭിക്കുന്നത്. ഇതുമൂലം വനമേഖലയിൽ കൃഷി ചെയ്യുന്നത് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. നെല്ല്, പച്ചക്കറി, വാഴ എന്നിവ വ്യാപകമായി കൃഷി ചെയ്തിരുന്നവരാണ് അത് ഉപേക്ഷിക്കുന്നത്.

വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിച്ചതോടെയാണ് വനാതിർത്തികളിൽ മിക്കവരും ഇപ്പോൾ പൈനാപ്പിൾ കൃഷിയിലേക്ക് കടന്നതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. വനാതിർത്തികളിൽ പൈനാപ്പിളും ചക്കയുമൊക്കെ ലഭിക്കുന്നതുകൊണ്ടാണ് കാട്ടാന ജനവാസ മേഖലയിൽ നിന്ന് മാറാത്തതെന്ന് വനംവകുപ്പ് പറയുന്നതിനിടെയാണ് വിരുദ്ധമായ നീക്കം. കാട്ടാന പൈനാപ്പിളെടുക്കാൻ എത്തുമെങ്കിലും കൃഷി നശിപ്പിക്കാറില്ല. എന്നാൽ, നെല്ല്, വാഴ, കരിമ്പ് തുടങ്ങിയവയാണ് കൃഷിയെങ്കിൽ ആന വ്യാപകമായി നാശനഷ്ടമുണ്ടാക്കും. കോടിക്കണക്കിന് രൂപ കടമുണ്ടാക്കുന്നതിനേക്കാൾ ചെറിയ നഷ്ടങ്ങളാണ് ഭേദമെന്നും നാട്ടുകാർ പറയുന്നു.

നഷ്ടപരിഹാര കണക്കുകൾ

 വന്യജീവി ആക്രമണത്തിലുള്ള മരണം: 10 ലക്ഷം

 പാമ്പ്, കടന്നൽ, തേനീച്ച ആക്രമണത്തിലെ മരണം: 4 ലക്ഷം

 പരിക്ക് 60 ശതമാനം വരെ: 2 ലക്ഷം

 പരിക്ക് 60 ശതമാനത്തിൽ അധികം: 2.5 ലക്ഷം

 ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം: 16,000 മുതൽ 1 ലക്ഷം വരെ

 ഒരാഴ്ചയിൽ കുറഞ്ഞ ആശുപത്രിവാസം: 5400 മുതൽ 1 ലക്ഷം വരെ

 കറവയുള്ള എരുമ, പശു എന്നിവ നഷ്ടമായാൽ: 37,500 മുതൽ 1,12,500 വരെ

 ആട്, പന്നി എന്നിവ നഷ്ടമായാൽ: 4000 മുതൽ 1,20,000 രൂപ വരെ

കാടിറങ്ങിയവയെ തിരിച്ചു കയറ്റണം

വന്യജീവി സംഘർഷം രൂക്ഷമായി തുടരുമ്പോഴും,​ എന്തുകൊണ്ട് ഇവ കാടിറങ്ങുന്നു എന്നതു സംബന്ധിച്ച് വനംവകുപ്പിന് വ്യക്തമായ ഉത്തരമില്ല. കാരണം കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. വന്യജീവികളെ അകറ്റിനിറുത്താൻ പരമ്പരാഗതമായി ആദിവാസികൾ സ്വീകരിച്ചിരുന്ന മാർഗങ്ങളും മറ്റ് ശാസ്ത്രീയ രീതികളും പഠിക്കുന്നതിന് രണ്ട് കർമ്മപദ്ധതികൾക്ക് രൂപം നൽകിയിരുന്നെങ്കിലും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ശാശ്വത പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന ശാസ്ത്രീയ അടിത്തറയിലുള്ള പദ്ധതികളൊന്നും രൂപീകരിച്ചിട്ടുമില്ല. സംഭവങ്ങൾ ആവർത്തിക്കുമ്പോൾ നേരത്തേ നടപ്പാക്കിയ തട്ടിക്കൂട്ട് പദ്ധതികളാണ് വീണ്ടും പ്രഖ്യാപിക്കുന്നതെന്നും ആരോപണമുണ്ട്.

വനത്തിനുള്ളിൽ മതിയായ ഭക്ഷണം ലഭ്യമല്ലെന്നും അതിനാലാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സ്വാദിഷ്ടമായ ഭക്ഷണം നാട്ടിൽ സുലഭമായതിനാലാണ് ഇവ കാട്ടിലേക്ക് മടങ്ങാത്തത്. നെല്ല്, കരിമ്പ്, ചക്ക, പൈനാപ്പിൾ, കശുഅണ്ടി എന്നിവയുടെ സ്വാദ് ഇഷ്ടപ്പെടുന്ന കാട്ടാനകൾ സ്ഥലത്തു നിന്ന് മാറില്ല. മരച്ചീനി, കിഴങ്ങുവർഗങ്ങൾ എന്നിവ ലഭിക്കുന്നതിനാൽ കാട്ടുപന്നിയും കൃഷിയിടങ്ങൾ വിട്ടുപോകില്ല. സസ്യഭുക്കുകളായ മൃഗങ്ങൾ കൂടുതലും ജനവാസ മേഖലയിലായതിനാൽ കടുവ അടക്കമുള്ള മാംസഭുക്കുകളും ഈ പ്രദേശങ്ങളിലേക്ക് അടുക്കാൻ കാരണമാണ്. ഇവ കൂടാതെ നഗരങ്ങളിൽ നിന്ന് കൊണ്ടുവന്ന് തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങൾ വന്യജീവികൾക്ക് പ്രിയങ്കരമായി മാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.

മുമ്പ് വനപ്രദേശമായിരുന്ന ഭാഗങ്ങൾ ഇപ്പോൾ ജനവാസ മേഖലയായെങ്കിലും മൃഗങ്ങൾ തങ്ങളുടെ ആവാസ മേഖലകൾ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഇവയെല്ലാം കണക്കിലെടുത്താണ് പത്ത് കർമ്മ പദ്ധതികൾക്ക് രൂപം നൽകിയത്. വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനും കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കുന്നതിനും അപകട സാദ്ധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമുള്ള പദ്ധതികളാണവ. ഇവ മിക്കവയും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നവയാണ്. എന്നിരുന്നാലും വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് (സൗര വേലി) സ്ഥാപിക്കൽ, വേലികെട്ടൽ, കിടങ്ങുകൾ കുഴിക്കൽ തുടങ്ങിയവ അടിയന്തര പ്രാധാന്യത്തോടെയാണ് നടപ്പാക്കുന്നതെന്നും അധികൃതർ വിശദമാക്കുന്നു.

കാടുകയറ്റാൻ പദ്ധതി വേണം

കാടിറങ്ങിയ മൃഗങ്ങളെ തിരികെ എങ്ങനെ കാടുകയറ്റുമെന്നതു സംബന്ധിച്ച് ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തുകയും ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കണമെന്നുമാണ് പ്രധാന ആവശ്യം. കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിൽ ജീവിക്കുന്ന വന്യജീവികളുടെയും പതിവായി കാടിറങ്ങി ആക്രമണം നടത്തുന്നവയുടെയും സ്വഭാവവും രീതികളും,​ അവ ഉയർത്തുന്ന ഭീഷണികളും വ്യത്യസ്തമാണ്. അതിനനുസൃതമായ പദ്ധതികൾ ആസൂത്രണം ചെയ്യണം. വനാതിർത്തികളിലെ കൃഷിയാണ് പ്രശ്നമെങ്കിൽ ബദൽ മാർഗങ്ങൾ കണ്ടെത്തി നിർദ്ദേശിക്കണം.

പെരിയാർ ടൈഗർ റിസർവിലെ പമ്പാവാലി, കോരുത്തോട് മേഖലയിൽ വന്യജീവി സംഘർഷം രൂക്ഷമായപ്പോഴാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രഗതി ഇനത്തിൽപ്പെട്ട മഞ്ഞൾ കൃഷി ചെയ്തത്. 30- 40 കിലോമീറ്റർ ദൂരമുള്ള ജനവാസ മേഖലയിൽ 16.45 ഏക്കറിലാണ് മുന്നൂറോളം കുടുംബങ്ങളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. ഇവിടം സ്വൈരവിഹാരത്തിന് ഇടമാക്കിയിരുന്ന കാട്ടാന, കാട്ടുപന്നി, മ്ലാവ്, കാട്ടുപോത്ത് എന്നിവ മഞ്ഞൾ വളർന്നതോടെ ഇതുവഴിയുള്ള കാടിറക്കം കുറഞ്ഞു. പരീക്ഷണം വിജയം കണ്ടതോടെ അടുത്ത 20 ഏക്കറിലും മഞ്ഞൾക്കൃഷിയിറക്കാനാണ് പെരിയാ‌ർ കടുവാ സങ്കേതം വെസ്റ്റ് ഡിവിഷന്റെ തീരുമാനം. ഇതേ രീതിയിലുള്ള ബദൽ കൃഷികൾ പ്രോത്സാഹിപ്പിക്കാനാണ് നടപടികൾ ഉണ്ടാകേണ്ടത്.

അധിനിവേശ സസ്യങ്ങൾ

തേക്ക്, സെന്ന (മഞ്ഞക്കൊന്ന), യൂക്കാലി, അക്കേഷ്യ തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപിച്ചതോടെയാണ് വനത്തിനുള്ളിൽ പച്ചപ്പും വന്യജീവികൾക്ക് ആഹാരവും ഇല്ലാതായത്. ഇത് പൂർണമായി നീക്കം ചെയ്യണമെന്നാണ് പരിസ്ഥിതി പ്രവ‌ർത്തകർ ആവശ്യപ്പെടുന്നത്. അക്കേഷ്യ, യൂക്കാലി, മഞ്ഞക്കൊന്ന എന്നിവ നീക്കം ചെയ്യാൻ നടപടിയുണ്ടെങ്കിലും ഫലം കാണുന്നില്ല. റവന്യു വ‌രുമാനം വർദ്ധിപ്പിക്കാനാണെങ്കിലും തേക്ക് തോട്ടങ്ങൾ പുതുതായി ഉണ്ടാക്കരുത്. 25 ശതമാനത്തിലധികം സ്വാഭാവിക വനമായി മാറിയ തേക്കിൻ തോട്ടങ്ങൾ നിലനിറുത്തുകയും ബാക്കിയുള്ളവ സ്വാഭാവിക വനങ്ങളാക്കുന്നതിനുള്ള നടപടികളുണ്ടാവുകയും വേണം.

വന്യജീവി സംഘർഷം രൂക്ഷമായതിന് മറ്റൊരു കാരണമാണ് വനം കയ്യേറ്റവും കൊള്ളയും. അനധികൃതമായി മരംമുറിച്ച് കടത്തിയതും വന്യജീവികളെ വേട്ടയാടിയതുമായ സംഭവങ്ങൾ നിരവധിയാണ്. ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ പങ്ക് വിശദമാക്കുന്ന അന്വേഷണ റിപ്പോർട്ടുകളും ഉന്നത ഉദ്യോഗസ്ഥർക്കു മുന്നിലുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി അടക്കമുള്ള സംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്.

വീട്ടു പറമ്പുകളിലും മറ്റിടങ്ങളിൽ നിന്നും പിടികൂടുന്ന വിഷപ്പാമ്പുകളെ ചില വനപാലകരുടെ പിന്തുണയോടെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നുവെന്ന കണ്ടെത്തൽ വനംവകുപ്പിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ വനം ഇന്റലിജൻസും വിജിലൻസും പല റിപ്പോർട്ടുകൾ നൽകിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. വിഷമില്ലാത്ത 'ഇരുതലമൂരി" അടക്കം പാമ്പുകളെ കടത്തുന്ന സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് ചില വനപാലകർ പിന്തുണ നൽകുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുഗന്ധഗിരി, കോന്നി, മുട്ടിൽ മരംമുറി കേസുകളിലും ചില വകുപ്പുതല നടപടികളുണ്ടായതൊഴിച്ചാൽ കേസ് ഏറക്കുറെ നിലച്ച മട്ടാണ്. ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുണ്ടായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് കേസുകൾ അട്ടിമറിക്കപ്പെട്ടതെന്നും ആരോപണമുണ്ട്.