വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസിൽ ഇന്ത്യക്ക് ഇരട്ട വെങ്കലം !
കൊച്ചി: തായ്ലാന്റ് തായ്പെയിൽ വച്ച് നടന്ന വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസിൽ പുരുഷൻമാരുടെ 35, 45 വയസിന് മുകളിലുള്ളവരുടെ ഹാൻഡ്‌ബാൾ വിഭാഗങ്ങളിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഇരട്ട വെങ്കല മെഡലാണ് ഇന്ത്യൻ ടീം നേടിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച ടീമിൽ എറണാകുളം ജില്ലയിൽ നിന്നുള്ള മുൻ ഇന്ത്യൻ താരങ്ങൾ, യൂണിവേഴ്‌സിറ്റി പ്ലെയേഴ്സ് അടക്കമുള്ള ഏഴു പേരാണുണ്ടായിരുന്നത്.
35 വയസിന് മുകളിലുള്ള വിഭാഗത്തിൽ ഷിഫാസ് പി.ബി., എബി സ്റ്റീഫൻ, സമേഷ് വി.ജി, മാത്യു എന്നിവരും 45 വയസിന് മുകളിലുള്ള വിഭാഗത്തിൽ അഷ്‌കർ അസലാം, പി.എം. അഡോൾഫസ് പടമാടൻ, സീയൂസൺ കെ. എന്നിവരുമാണുണ്ടായിരുന്നത്. കളിയുടെ നിർണായക ഘട്ടങ്ങളിൽ നടത്തിയ സമയോചിതമായ നീക്കങ്ങളും ഒരേ മനസായുള്ള കളിയും ടീമിനെ വെങ്കല മെഡൽ നേട്ടത്തിലേക്ക് നയിച്ചു.
ഇരട്ട മെഡൽ നേട്ടത്തിന് പിന്നിൽ മുൻ ഇന്ത്യൻ ഹാൻഡ്‌ബാൾ താരവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സിൽ നിന്ന് ഗോൾഡ് മെഡൽ നേടിയ പരിശീലകനുമായ ജോജി ജോർജിന്റെ പരിശീലനവും മാർഗനിർദ്ദേശങ്ങളും നിർണായകമായി. ചരിത്ര നേട്ടത്തിൽ ടീമംഗങ്ങൾക്ക് എറണാകുളം മാസ്റ്റേഴ്‌സ് ഹാൻഡ്‌ബാൾ അസോസിയേഷൻ പ്രസിഡന്റായ സി.എം. കായ്‌സ് അഭിനന്ദിച്ചു.