ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 14കാരൻ; പ്രധാനമന്ത്രിയുടെ കാലിൽ തൊട്ടു വണങ്ങി സൂര്യവൻശി

Friday 30 May 2025 5:20 PM IST

പാട്ന: 2025 ഐ‌പി‌എല്ലിൽ മിന്നുന്ന പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ കുട്ടി താരമാണ് രാജസ്ഥാൻ റോയൽസിന്റെ 14കാരൻ വൈഭവ് സൂര്യവൻശി. ഐ‌പി‌എൽ ഫൈനലിലേയ്ക്ക് രാജസ്ഥാൻ റോയൽസിന് യോഗ്യത നേടാനായില്ലെങ്കിലും, ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ നേടിയ സെഞ്ച്വറിയുടെ പേരിൽ സൂര്യവൻശി ഇപ്പോഴും ചർച്ചാവിഷയമാണ്.

ഇപ്പാേഴിതാ ബിഹാർ വിമാനത്താവളത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അവസരം ലഭിച്ചിരിക്കുകയാണ് സൂര്യവൻശിക്കും കുടുംബത്തിനും. പാട്ന വിമാനത്താവളത്തിലാണ് യുവ ക്രിക്കറ്റ് താരത്തെയും കുടുംബത്തെയും പ്രധാനമന്ത്രി കണ്ടുമുട്ടിയത്. സൂര്യവൻശിയുടെ പ്രകടനത്തെ മോദി പ്രശംസിച്ചു. ക്രിക്കറ്റിലുള്ള വൈഭവിന്റെ കഴിവിനെയും ഭാവിയിൽ ഒട്ടേറെ നേട്ടങ്ങൾ ഇനിയും കൈവരിക്കാനാകട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി വൈഭവിന്റെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളും എക്‌സിൽ പങ്കുവച്ചു. ഒരു 14കാരന്റെ അമ്പരപ്പിക്കുന്ന നേട്ടം നേരത്തെ തന്നെ തന്റെ മൻ കി ബാത്ത് പ്രസംഗത്തിലൂടെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു.

ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച സൂര്യവൻശി ടൂർണമെന്റിലെ മികച്ച താരങ്ങളിൽ ഒരാളാണ്. വെറും ഏഴ് മത്സരങ്ങളിൽ നിന്ന് 252 റൺസ് നേടിയെങ്കിലും, ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ ഉ‌ജ്ജ്വലമായ സെഞ്ച്വറിയിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ വൈഭവ് ഞെട്ടിച്ചത്. പ്രായത്തിനപ്പുറമുള്ള പക്വതയോടെ ബാറ്റ് ചെയ്ത സൂര്യവൻശി 38 പന്തിൽ നിന്ന് 101 റൺസാണ് അടിച്ചെടുത്തത്. പുരുഷ ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സൂര്യവൻശി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയുമാണ് സൂര്യവൻശിയുടേത്.