മഴ ശക്തമാകുന്നു,​ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് ഒരാഴ്ച കൂടി നീട്ടുമോ,​ സർക്കാരിനോട് ആവശ്യപ്പെട്ട് അസോസിയേഷൻ

Friday 30 May 2025 7:20 PM IST

കോഴിക്കോട് : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ തുറക്കുന്നത് ഒരാഴ്ത കൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‌മെന്റ് അസോസിയേഷൻ. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ് . കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികളും മറ്റു പ്രവൃത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലയ്ക്ക് എടുക്കണമെന്നും സ്കൂൾ തുറക്കുന്നത് നീട്ടി വയ്ക്കണമെന്നും അസോസിയേഷൻ സെക്രട്ടറിയും പ്രസിഡന്റും ആവശ്യപ്പെട്ടു.

.സർക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച നൂറുകണക്കിന് വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. 'സർക്കാർ പോളിസി' എന്ന പേരുപറഞ്ഞു ഇത്തരം സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകാതെ വിദ്യാഭ്യാസ വകുപ്പ് ഉരുണ്ട് കളിക്കുകയാണ്. അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്‌കൂളുകളാണെന്ന മന്ത്രിയുടെ കണ്ടെത്തൽ വസ്തുതാപരമല്ല. ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രവർത്തിപ്പിക്കാൻ അനുവദിക്കണം. സർക്കാർ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.