വെള്ളക്കെട്ട്: വെള്ളത്തിലായി കോർപ്പറേഷൻ്റെ വാഗ്ദാനം

Saturday 31 May 2025 12:49 AM IST
മാ​നാ​ഞ്ചി​റ​ ​സെ​ൻ​ട്ര​ൽ​ ​ലൈ​ബ്ര​റി​ക്ക് ​മു​ൻ​വ​ശ​ത്തെ​ ​വെ​ള്ള​ക്കെ​ട്ട്

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന കോർപ്പറേഷൻ വാഗ്ദാനം വെള്ളത്തിലായി. റോഡുകളെല്ലാം കുളം. മലിനജലത്തിലൂടെയല്ലാതെ നടക്കാനുമാകില്ല. ഇന്നലെ രാവിലെ പെയ്ത തോരാമഴയിൽ മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിനു മുൻവശം കുളമായി. ഹാളിൽ ഇന്നലെ നടന്ന പരിപാടിക്ക് ഓട്ടോയിലും കാറിലുമെത്തിയവർ എവിടെ കാലുകുത്തുമെന്നറിയാതെ കുഴങ്ങി. മുട്ടോളം വെള്ളമായിരുന്നു റോഡിൽ. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയിൽ മാനാഞ്ചിറക്ക് ചുറ്റും വലിയ വെള്ളക്കെട്ടാണുള്ളത്. എൽ.ഐ.സി സ്റ്റോപ്പിൽ ബസിൽ കയറാൻ കഴിയാത്ത സ്ഥിതിയിലാണ് വെള്ളക്കെട്ട്. സ്പോർട്സ് കൗൺസിലിനു മുമ്പിൽ മഴയ്ക്കു ശേഷവും വെള്ളമിറങ്ങാൻ ദിവസങ്ങളെടുക്കും. തടസത്തെ തുടർന്ന് ഓവുചാലിലൂടെ വെള്ളമൊഴുകാത്തതാണ് പ്രശ്നം.

നഗരാസൂത്രണത്തിൽ പിഴവ്

പുതിയ സ്റ്റാൻഡ് ഭാഗത്തും മറ്റുമുള്ള വെള്ളം ഓവുചാലിലേക്ക് എത്താത്തതാണ് പ്രധാന പ്രശ്നം. ഭൂപ്രകൃതിക്കനുസരിച്ച അഴുക്കുചാൽ സംവിധാനവുമില്ല. പലയിടത്തും ഓവുചാലുകളുമില്ല. ഉള്ളവയിൽ പലതിലും മാലിന്യം കുന്നുകൂടി ഒഴുക്ക് നിലച്ചിരിക്കുകയാണ്. ഓവുചാലുകൾക്ക് മുകളിലൂടെ നടപ്പാതയ്ക്കായി ഇന്റർലോക്ക് വിരിച്ചതും വെള്ളം ഓവുചാലിലെത്താൻ തടസമാകുന്നുവെന്ന് ആക്ഷേപമുണ്ട്.

മലിനജലത്തിൽ ദുരിതയാത്ര

മഴയ്ക്ക് പിന്നാലെ ഉണ്ടാവുന്ന വെള്ളക്കെട്ടിൽ റോഡും കുഴിയും തിരിച്ചറിയാനാവാത്ത അവസ്ഥയിൽ നഗരത്തിലെ ഇടവഴികൾ. പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരാണ് ഇത്തരം കുഴികളിൽ വീണു അപകടം ഉണ്ടാകുന്നത്. ചാലപ്പുറം ഭജനമഠം റോഡ്, അഡ്വ. കുഞ്ഞിരാമമേനോൻ റോഡ്, തളി റോഡ്, പയ്യാനക്കൽ ഭാഗത്തെ ഇടവഴികൾ, ബേപ്പൂർ തമ്പി റോഡ്, നല്ലളം ഹൈസ്കൂൾ റോഡ് തുടങ്ങിയിടങ്ങളിലെ ഇടവഴികളിലെല്ലാം കുഴികളാണ്. പലയിടങ്ങളിലും രാത്രി വെളിച്ചമില്ലാത്തതും വിനയാകുന്നു.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ചിലത്

സ്പോർട്സ് കൗൺസിൽ ഹാളിന് മുൻവശം

ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരം

സ്റ്റേഡിയം ജംഗ്ഷന്‍, ജാഫർഖാൻ കോളനി

റെയിൽവേ സ്റ്റേഷൻ പരിസരം

പറയഞ്ചേരി മാവൂർ റോഡ്, രാജാജി റോഡ്...

പരിഹാരം കല്ലായിപ്പുഴ ആഴം കൂട്ടൽ

നഗരത്തിലെ വെള്ളം കനോലി കനാലിലും തുടർന്ന് കല്ലായിപ്പുഴയിലുമാണ് എത്തുന്നത്. കല്ലായിപ്പുഴയുടെ ആഴം കുറഞ്ഞതാണ് നഗരത്തിലെ വെള്ളക്കെട്ടിനുള്ള ഒരു കാരണം. ആഴം കൂട്ടൽ പ്രവൃത്തി മഴയ്ക്കു മുമ്പ് തീർക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. മഴയെ തുടർന്ന് പ്രവൃത്തി നിറുത്തി. മഴ കുറഞ്ഞാൽ പ്രത്യേകാനുമതി വാങ്ങി വീണ്ടും ചെളിയെടുക്കും. അടുത്ത മേയിലേ പ്രവൃത്തി തീരാനിടയുള്ളൂ.

കല്ലായിപ്പുഴയിൽ നിന്ന് ഇതുവരെ എടുത്ത ചെളി 60,000 ക്യുബിക് മീറ്റർ