കഞ്ചിക്കോട് ഒറ്റയാനെ ഓടിക്കാൻ സ്‌പെഷ്യൽ ടീം ഇന്ന് ഇറങ്ങും
കഞ്ചിക്കോട്: നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഒറ്റയാനെ ഓടിക്കാൻ വനം വകുപ്പിന്റെ സ്‌പെഷ്യൽ ടീം ഇന്ന് ഇറങ്ങും. പഞ്ചായത്ത് മെമ്പർ പി.ബി.ഗിരീഷ് വിളിച്ച് ചേർത്ത പ്രദേശവാസികളുടെ യോഗത്തിൽ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയത്. ഒറ്റയാനെ ഓടിക്കാൻ കുങ്കി ആനയുടെ സേവനം ലഭ്യമാക്കാൻ വനം വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. കുങ്കി ആനയെ ഉപയോഗിച്ച് ഒറ്റയാനെ ഓടിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. കുങ്കി ആനയെ കിട്ടിയില്ലെങ്കിൽ പാലക്കാട് നിന്നും വനം വകുപ്പിന്റെ സ്‌പെഷ്യൽ ടീം വന്ന് ആനയെ വനത്തിനകത്തേക്ക് കയറ്റാൻ ആണ് പരിപാടി എന്ന് ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ കെ.കെ.മരുതൻ പറഞ്ഞു. രാവിലെ ഏഴു മണിക്ക് തന്നെ വനം വകുപ്പ് സംഘം എത്തും. അപകടകാരിയായ ഒറ്റയാൻ കഴിഞ്ഞ ഒരാഴ്ചയായി കഞ്ചിക്കോട് മേഖലയിൽ വിഹരിക്കുകയാണ്. നാട്ടുകാരും ഇവിടുത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും കിണഞ്ഞു പരിശ്രമിച്ചിട്ടും ആനയെ ഓടിക്കാൻ കഴിഞ്ഞില്ല. ആന വീടുകളിൽ കയറാൻ തുടങ്ങിയതോടെ ജനങ്ങൾ ഭീതിയിലാണ്. മരങ്ങൾ പിഴുതെറിഞ്ഞും പശുക്കളെ ആക്രമിച്ചും ഒറ്റയാൻ വിഹരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആണ് ഒറ്റയാനെ ഓടിക്കാൻ വനം വകുപ്പ് പ്രത്യേക ടീമിനെ നിയോഗിച്ചത്. ആനയെ ഓടിച്ച് വനത്തിന് അകത്തേക്ക് കയറ്റിയ ശേഷം മാത്രമേ വനം വകുപ്പ് ടീം മടങ്ങുകയുള്ളൂ എന്ന് യോഗത്തിൽ കെ.കെ.മരുതൻ ഉറപ്പ് നൽകി. വിവിധ പാടശേഖര സമിതി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ചുള്ളിമട ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റ് എസ്.കെ.ജയകാന്തൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
രോഷാകുലരായി കർഷകർ
ആന ഭീതിയുടെ പശ്ചാത്തലത്തിൽ വിളിച്ച് ചേർത്ത പ്രദേശവാസികളുടെ യോഗത്തിൽ കർഷകരോഷം അലയടിച്ചു. ചക്ക, മാങ്ങ തുടങ്ങിയ ഫലവർഗങ്ങൾ കണ്ടാണ് ആനകൾ വീട്ട് വളപ്പുകളിലേക്ക് വരുന്നതെന്നും അതിനാൽ ഇവ പറിച്ച് കളയണം എന്നുമുള്ള വനം ഉദ്യോഗസ്ഥരുടെ നിർദ്ദേശമാണ് കർഷകരെ രോഷാകുലരാക്കിയത്. ഒരാഴ്ചയായി ജീവൻ കയ്യിൽ പിടിച്ചാണ് കഞ്ചിക്കോട് നിവാസികൾ കഴിയുന്നതെന്നും എന്ത് പരിഹാരമാർഗം ആണുള്ളതെന്നും കർഷകർ ചോദിച്ചു. ആനയെ പേടിച്ച് ഇവിടെ മനുഷ്യർ മരിച്ച് ജീവിക്കുകയാണെന്നും മൃഗങ്ങൾക്ക് ഉള്ള പരിഗണന പോലും മനുഷ്യന് കിട്ടുന്നില്ലെന്നും പ്രശ്നത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി ജി.പ്രത്യുഷ് കുമാർ പറഞ്ഞു.