ജില്ലയിൽ മഴ ശക്തം
പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ രണ്ടു വീതം വീടുകൾ പൂർണമായി തകർന്നു. ആറ് താലൂക്കുകളിലായി 197 വീടുകൾ ഭാഗികമായും തകർന്നു. തിരുവല്ല 53, റാന്നി 37, അടൂർ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്കും കനത്ത നഷ്ടം. മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങൾ വീണ് 124 ഹൈടെൻഷൻ പോസ്റ്റും 677 ലോടെൻഷൻ പോസ്റ്റും തകർന്നു. 992 ട്രാൻസ്‌ഫോർമറുകളും തകരാറിലായി. കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഇതുവരെ 2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടർ സ്ഥലത്ത് വിവിധ കാർഷിക വിളകൾ നശിച്ചു. 1676 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. അടൂർ ബ്ലോക്കിലാണ് കൂടുതൽ നാശം. 242 കർഷകർക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബർ എന്നിവയാണ് കൂടുതൽ നശിച്ചത്.
197 വീടുകൾ ഭാഗികമായി തകർന്നു
കെ.എസ്.ഇ.ബിക്ക് 68.2 ലക്ഷം രൂപയുടെ നഷ്ടം
2.52 കോടി രൂപയുടെ കൃഷി നാശം
വൈദ്യുതി അപകടങ്ങളോ അപകട സാദ്ധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ, കൺട്രോൾ റൂം നമ്പറിലോ അറിയിക്കണം : ഫോൺ 9446009451