ഗുരുവായൂർ കണ്ണന് മഞ്ജുവിന്റെ ചിത്ര നിവേദ്യം

Friday 30 May 2025 10:07 PM IST

പത്തനംതിട്ട: മഞ്ജുവിന്റെ വിരലുകൾ ഗുരുവായൂരിലെ അമ്പാടിക്കണ്ണന്റെ ദിവ്യരൂപം എന്നും വരയ്ക്കും. ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ അലങ്കാര വർണനകളുടെ ആ ചിത്രരൂപങ്ങൾ ഭക്തർക്ക് നൽകുന്നത് പുണ്യ ദർശനം. ആറന്മുള പൊന്നുംതോട്ടം കാർത്തിക ഭവനിൽ മഞ്ജുമുരുകന് ഇൗ ചിത്ര സമർപ്പണം തപസ്യയാണ് . ഇതിനോടകം മഞ്ജു വരച്ചത് ആയിരക്കണക്കിന് കൃഷ്ണലീലകൾ. ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ നിന്ന് മ്യൂറൽ പെയിന്റിംഗിൽ ഒരു വർഷത്തെ കോഴ്സ് പാസായ മഞ്ജു ലോക്ഡൗൺ കാലത്താണ് കൃഷ്ണചിത്രങ്ങൾ കൂടുതലായി വരയ്ക്കാൻ തുടങ്ങിയത്. ഗുരുവായൂരിലെത്തി കൃഷ്ണനെകാണാൻ കഴിയാത്തവർക്കായി ഗുരുവായൂർ ദേവസ്വം ബോർഡ് ഓരോ ദിവസവും ഓരോ നേരവുമുള്ള ശ്രീകോവിലിലെ അലങ്കാര വർണ്ണനകൾ സോഷ്യൽ മീഡിയ വഴി അക്കാലത്ത് നൽകിയിരുന്നു.ഇതുകേട്ട് മിനിട്ടുകൾക്കകം മഞ്ജു ആ വർണനകൾക്കനുസരിച്ചുള്ള ഭഗവാനെ വരച്ച് സോഷ്യൽ മീഡിയയിൽ എല്ലാ ദിവസവും പോസ്റ്റുചെയ്തു. . ഇതറിഞ്ഞ ദേവസ്വം ബോർഡ് ശ്രീകോവിലിലെ വിവരണത്തോടൊപ്പം മഞ്ജുവിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവച്ചു തുടങ്ങി. ഇതിന് കാഴ്ചക്കാരുമേറി. കൃഷ്ണഭക്തരുടെ ആവശ്യപ്രകാരം മഞ്ജു ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ വരച്ചുനൽകാറുണ്ട്.

കാത്തിരുന്നു കിട്ടി

കണ്ണന്റെ ദർശനം

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിത്യവും ദർശനം നടത്തിയിരുന്ന മഞ്ജുവിന് ആഗ്രഹമുണ്ടായിട്ടും ഗുരുവായൂർക്ഷേത്രത്തിൽ ദർശനം നടത്താൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവിന്റെ ആഗ്രഹമറിഞ്ഞ ഗുരുവായൂർ ദേവസ്വം ബോർഡ് തങ്ങളുടെ അതിഥിയായി മഞ്ജുവിനെ കുടുംബ സമേതം ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. . അങ്ങനെ 38വർഷത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ജുവിന്റെ ആഗ്രഹം സഫലമായി. ആറൻമുളകണ്ണാടിയുടെ നിർമ്മാണ രഹസ്യമറിയാവുന്ന കുടുംബത്തിന്റെ പിൻമുറക്കാരനായ ഭർത്താവ് മുരുകൻ, മക്കളായ അനന്ദു കൃഷ്ണൻ, അസിത കൃഷ്ണൻ എന്നിവർക്കൊപ്പം ഒരു ഏകാദശിനാളിൽ മഞ്ജു ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. . താൻവരച്ച ഗുരുവായുരപ്പന്റെ 108 ചിത്രങ്ങൾ ശ്രീകോവിൽ നടയിൽ സമർപ്പിച്ചു. ആറന്മുള കണ്ണാടിയുടെ നിർമ്മാണത്തിലൂടെ മുരുകന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം.