അംഗീകാര നിറവിൽ തുമ്പമൺ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി
തുമ്പമൺ :ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ദേശീയതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചതിനുള്ള എൻഎബിഎച്ച് സർട്ടിഫിക്കേഷന് അർഹമായി.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്ന് തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗീതാറാവു, വാർഡ് മെമ്പർ ഷിനു മോൾ, മെഡിക്കൽ ഓഫീസർ മീര രവീന്ദ്രൻ എന്നിവർ ചേർന്ന് അംഗീകാരം ഏറ്റുവാങ്ങി. നാഷണൺ ആയുഷ് മിഷന്റെ സഹായത്തോടെ 2023 നവംബറിലാണ് ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി അപ്ഗ്രേഡ് ചെയ്തത്.
ഹരിത കേരളം മിഷൻ മികച്ച ഹരിത സ്ഥാപനമായി ഡിസ്പൻസറിയെ അംഗീകരിച്ചിട്ടുണ്ട്.
1. ഡിസ്പെൻസറിയിൽ ജീവിതശൈലി രോഗനിർണയം നടത്തുന്നുണ്ട്. ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ, കുട്ടികളുടെ ആരോഗ്യത്തിനുള്ള മരുന്നുകൾ, പ്രസവ ശുശ്രൂഷ, മരുന്നുകൾ ഇവ ലഭ്യമാണ്. അഞ്ച് ആശാ പ്രവർത്തകർ വഴി ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
2. എല്ലാ മാസവും തുമ്പമൺ സി .എച്ച് .സി യിലെ പ്രൈമറി പാലിയേറ്റീവ് യൂണിറ്റിനൊപ്പം വാർഡുകൾ തോറും പാലിയേറ്റീവ് രോഗികളെ സന്ദർശിച്ച് ആയുർവേദ ചികിത്സ ലഭ്യമാക്കുന്നു.
3 യോഗ ഇൻസ്ട്രക്ടറുടെ സഹായത്തോടെ ഡിസ്പെൻസറിയിൽ രണ്ട് ബാച്ചിന് പബ്ലിക് യോഗ ക്ളാസ് നടത്തുന്നുണ്ട്. എല്ലാ വാർഡിലും യോഗ ക്ലബ് പ്രവർത്തിക്കുന്നു. വേനൽ അവധിക്കാലത്ത് കുട്ടികൾക്ക് സൗജന്യ യോഗ ഡിസ്പെൻസറിയിൽ നടത്തി.
4. സ്കൂളുകളിലും പൊതുജനങ്ങൾക്കും മെഡിക്കൽ ഓഫീസർ വിവിധ വിഷയങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തിവരുന്നു. എല്ലാവർഷവും മേയ് ,ജൂൺ മാസങ്ങളിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പ് വാർഡുകളിൽ നടക്കാറുണ്ട്.