സ്വർണപ്പണയ ചട്ടം: ഇടപെട്ട് കേന്ദ്രം 'സാധാരണക്കാരെ ബാധിക്കരുത്'

Saturday 31 May 2025 1:42 AM IST

ന്യൂഡൽഹി: സ്വർണപ്പണയത്തിൻ മേൽ സെൻട്രൽ ബാങ്കിന്റെ കരട് നിർദ്ദേശങ്ങൾ ചെറുകിട വായ്പാ ഉപഭോക്താക്കളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം റിസർവ് ബാങ്ക് ഒഫ് ഇന്ത്യയോട് നിർദ്ദേശിച്ചു. റിസർവ് ബാങ്കിന്റെ നിർദ്ദേശം നടപ്പിലാക്കാൻ സമയം അനിവാര്യമായതിനാൽ പുതിയ നിയമം 2026 ജനുവരി ഒന്നുമുതൽ നടപ്പാക്കിയാൽ മതിയാകുമെന്നും പറയുന്നു. ധനകാര്യ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസ് തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്. രണ്ട് ലക്ഷത്തിന് താഴെ വായ്പ എടുക്കുന്നവരെ കടുത്ത ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് സ്വർണപണയ വായ്പ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക്,​ സ്വർണപ്പണയ വായ്പ നൽകുന്ന ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും കരടുനിർദ്ദേശങ്ങൾ നൽകിയത്. ഈട് വയ്ക്കുന്ന സ്വർണത്തിന്റെ വിപണിമൂല്യത്തിന്റെ 75 ശതമാനം മാത്രമേ വായ്പയായി നൽകാവൂ,​ ക്രെഡിറ്റ് സ്കോർ നോക്കി മാത്രം വായ്പ അനുവദിക്കാവൂ,​ വായ്പ എടുക്കുന്നയാൾ ഏത് ആവശ്യത്തിനാണോ എടുത്തത് അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന ഒട്ടനവധി നിർദ്ദേശങ്ങളാണ് റിസർവ് ബാങ്ക് മുന്നോട്ട് വച്ചത്.