മുത്തൂറ്റ് ഫിനാൻസ് ഒരുകോടിയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകും

Saturday 31 May 2025 1:52 AM IST

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് രാജ്യത്തെ 788 ജില്ലകളിൽ നിന്നുള്ള 8, 9 ക്ലാസ് വിദ്യാർത്ഥികൾക്കായി അടുത്ത സാമ്പത്തിക വർഷത്തേക്ക് 1 കോടി രൂപയുടെ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ദീർഘകാല സി.എസ്.ആർ പദ്ധതികളുടെ ഭാഗമായാണിത്.

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മുത്തൂറ്റ് എം. ജോർജ് എക്സലൻസ് അവാർഡിന്റെ 15-ാംവാർഷികാഘോഷം എം. വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈ വർഷം മാത്രം 1400 ഓളം വിദ്യാർത്ഥികൾക്കായി 43 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് മുത്തൂറ്റ് ഫിനാൻസ് നൽകിയത്.

ചടങ്ങിൽ അവിട്ടം തിരുനാൾ ആദിത്യവർമ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, വെരി റവ. ഡോ. ജോസഫ് സാമുവൽ കരുക്കയിൽ കോർ എപ്പിസ്‌കോപ്പ, എൻ.ഐ.ഡി മുൻ ഡയറക്ടർ ഡോ. ഡാർലി ഉമ്മൻ കോശി തുടങ്ങിയവർ സംസാരിച്ചു. 2010ൽ തുടങ്ങി ഇതുവരെയായി രാജ്യത്തെ 10,000 വിദ്യാർത്ഥികൾക്കായി 3 കോടിയിലധികം രൂപയുടെ ധനസഹായമാണ് മുത്തൂറ്റ് നൽകിയത്.