 ഇന്ന് ലോക പുകയില വിരുദ്ധ ദിനം പുകവലി കുറഞ്ഞു; രാസലഹരി കൂടി

Saturday 31 May 2025 12:22 AM IST
പുകവലി

കോഴിക്കോട്‌: സംസ്ഥാനത്ത് പൊതുസ്ഥലത്തെ പുകവലിയും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും കുറഞ്ഞപ്പോൾ രാസലഹരിയുടെ ഉപയോഗം കുത്തനെ കൂടിയെന്ന് റിപ്പോർട്ട്. ഗ്ലോബൽ അഡൾട്ട്‌ ടുബാക്കോ സർവേയുടെ പ്രകാരമാണിത്.

പൊലീസിന്റെ ഔദ്യോഗിക വെബ്സെെറ്റ് കണക്ക് പ്രകാരം പൊതുസ്ഥലത്ത്‌ പുകവലിച്ചതിന്‌ 2016ൽ 2,31,801 കേസുകളെടുത്തിരുന്നെങ്കിൽ കഴിഞ്ഞ വർഷം 62,618 കേസുകളായി കുറഞ്ഞിട്ടുണ്ട്. 2017 മുതലുള്ള കണക്കുകളിലും കുറവുണ്ട്. ബോധവത്കരണം ഫലം കാണുന്നതിന്റെ തെളിവാണിതെന്ന് പൊലീസ്,എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നു. സ്കൂൾ പരിസരങ്ങളിലെ ഇതിന്റെ ഫലമുണ്ടായി.

18 വയസിൽ താഴെയുള്ളവർക്ക്‌ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് 2016ൽ 3,505 കേസുകളുണ്ടായിരുന്നത് 2024ൽ 573ആയി കുറഞ്ഞു. എന്നാൽ,മയക്കുമരുന്ന് കേസുകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണക്കുകൾ പ്രകാരം വർദ്ധനവുണ്ട്. 2022 മുതൽ 2024 വരെ 85,334 കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. 2016ൽ 5,924 ആയിരുന്നു.

പ്രചാരണത്തിന്

കെ.എസ്.ടി.എയും

പുതിയ അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ സ്കൂൾ പരിസരത്തെ ലഹരിവില്പന തടയാൻ വിദ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവത്കരണം നടത്തും. പ്രവേശനോത്സവ പരിപാടികളിൽ ലഹരി ബോധവത്കരണവുമുണ്ട്. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രത്യേകം ജാഗ്രത സമിതികളുമുണ്ടാക്കും.

2024ൽ ഇടാക്കിയ പിഴ

പരസ്യമായി പുകവലിച്ചതിന്.....................................1.01 കോടി

പ്രായപൂർത്തിയാകാത്തവർക്ക് വിറ്റതിന്...........5.36 ലക്ഷം

സ്കൂൾ പരിസരത്ത് വിറ്റതിന്........................................2.85 ലക്ഷം

പുകയില കേസുകൾ

(വർഷം,എണ്ണം)

2021.................................88,360

2022................................82,845

2023................................79,538

2024...............................62,618

2025...............................26,676

(മാർച്ച് വരെ)