എണ്ണപ്പാട നീക്കാൻ സമുദ്രപ്രഹരി എത്തി
കൊച്ചി: ചരക്കുകപ്പൽ മുങ്ങിയതുമൂലം പുറങ്കടലിൽ വ്യാപിച്ച എണ്ണപ്പാട തീരത്തെത്തുന്നത് തടയാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്രപ്രഹരിയും അപകടമുണ്ടായ കപ്പൽപ്പാതയിലെത്തി ദൗത്യസംഘത്തിനൊപ്പം ചേർന്നു. പലതായി ചിതറിയ എണ്ണപ്പാട ഡോർണിയർ വിമാനം ഉപയോഗിച്ച് പൊടിതളിച്ചും വെള്ളംചീറ്റിച്ചുമാണ് തടഞ്ഞുനിറുത്തുന്നത്. സമുദ്രപ്രഹരികൂടി എത്തിയതോടെ ഈ നീക്കത്തിന് കൂടുതൽ കരുത്താകും. ഐ.സി.ജി.എസ് വിക്രം,സക്ഷം എന്നിവയാണ് ദൗത്യത്തിലുള്ള മറ്റുകപ്പലുകൾ.
പെട്രോളിയം ഉത്പന്നങ്ങൾ ചോരുമ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിന് എത്തുന്ന കപ്പലാണ് സമുദ്രപ്രഹരി. എണ്ണ നീക്കംചെയ്ത് കടൽ ശുദ്ധീകരിക്കുകയാണ് പ്രധാനദൗത്യം. കപ്പലിനോ എണ്ണപ്പാടയ്ക്കോ തീപിടിച്ചാൽപോലും അണക്കാനുള്ള അത്യാധുനിക ഉപകരണങ്ങൾ കപ്പലിലുണ്ട്.
ഒരു ചേതക് ഹെലികോപ്ടർ,അഞ്ച് ഹൈ സ്പീഡ് ബോട്ടുകൾ,നാല് വാട്ടർ സ്‌കൂട്ടറുകൾ എന്നിവ വഹിക്കാൻ ശേഷിയുണ്ട്. ഇന്ത്യയിലാണ് കപ്പലിന്റെ രൂപകല്പനയും നിർമ്മാണവും. അതേസമയം,ഇതുവരെ എണ്ണ തീരത്തടിഞ്ഞിട്ടില്ല.