സ്കൂൾ തുറക്കാൻ ഒരുദിനം കൂടി; മലപ്പുറം ജില്ലയിൽ 80 ശതമാനം പുസ്തക വിതരണം പൂർത്തിയായി

Friday 30 May 2025 11:33 PM IST

മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ഒരുദിനം മാത്രം ശേഷിക്കേ ജില്ലയിൽ ഇതുവരെ പൂർത്തിയാക്കിയത് 80 ശതമാനം പുസ്തക വിതരണം. ആക്ടിവിറ്റി പുസ്തകങ്ങൾ മാത്രമാണ് ഇനി വിതരണം ചെയ്യാനുള്ളത്. അവ ഉടനെ വിതരണത്തിന് എത്തുമെന്നാണ്

പ്രതീക്ഷയെന്ന് അധികൃതർ പറയുന്നത്. വിതരണം ആരംഭിച്ച് ഇതുവരെ 66 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിയത്. 73.98 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയിൽ സർക്കാർ-എയ്ഡഡ് സ്കൂളികളിലേക്ക് ആകെ വേണ്ടത്.

അൺ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള അഞ്ച് ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. ഏപ്രിൽ പകുതിയോടെയാണ് അൺ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, 10 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളാണ് അൺ എയ്ഡഡിൽ എത്തിയത്. രണ്ടാംഘട്ടം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലേക്കുള്ള പുസ്തക വിതരണമാണ് രണ്ടാംഘട്ടത്തിൽ എത്തിച്ചത്.ജില്ലയിൽ മഴ കനത്തതിനാൽ സ്‌കൂൾ സൊസൈറ്റികളിലേക്ക് പുസ്തകം എത്തിക്കുന്നതിൽ പ്രയാസം നേരിട്ടിരുന്നു. രണ്ടാം ഘട്ട പുസ്തക വിതരണം ജൂലായിൽ ആരംഭിക്കും. ഒരുദിവസം ശരാശരി ഒരുലക്ഷം പാഠപുസ്തകങ്ങളാണ് ഡിപ്പോയിൽ നിന്നും ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കുന്നത്. അവിടെ നിന്നാണ് വിവിധ സ്‌കൂളുകളിലേക്കുള്ള വിതരണം നടത്തുന്നത്.

കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ഇവ സ്‌കൂളുകളിലെ സൊസൈറ്റികളിൽ എത്തിക്കുന്നത്. മഴയുടെ ശക്തി വർദ്ധിക്കുന്നതിനാൽ പുസ്തക വിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ചയാണ് തുറക്കുന്നത്.

ഡിപ്പോയിലെത്തിയത് - 66 ലക്ഷം ആകെ വേണ്ടത് - 73.98 ലക്ഷം

അൺ എയ്ഡഡ് സ്കൂളുകളിൽ സ്കൂളിൽ വിതരണം ചെയ്തത് -അഞ്ച് ലക്ഷം