നിർമ്മാണം ഇഴയുന്നു ഫുഡ്‌സ്ട്രീറ്റ് വെെകും

Saturday 31 May 2025 12:34 AM IST
ബീ​ച്ചി​ലെ​ ​ഫു​ഡ് ​സ്ട്രീ​റ്റ് ​നി​ർ​മ്മാ​ണം (ഫയൽ)​

കോഴിക്കോട്: വൃത്തിയുള്ള അന്തരീക്ഷത്തിൽ രുചികരമായ ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബീച്ചിൽ സ്ഥാപിക്കുന്ന വെൻഡിംഗ് മാ‍ർക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ നിർമ്മാണം ഇഴയുന്നു. കഴിഞ്ഞ വർഷം ജൂലെെയിൽ പ്രവൃത്തിയാരംഭിച്ച് നവംബറോടെ ഉദ്ഘാടനം ചെയ്യുമെന്ന് കോർപറേഷൻ പ്രഖ്യാപിച്ച പദ്ധതി നിർമ്മാണം 50 ശതമാനം പോലും പൂർത്തിയായിട്ടില്ല. ബീച്ച് ആശുപത്രിയുടെ മുൻവശത്തുള്ള സ്ഥലത്ത് കടമുറികൾ സ്ഥാപിക്കാനുള്ള തറയുടെ പണിയാണ് ഇനിയും പൂർത്തിയാകാനുള്ളത്. ഇവിടെ കോൺക്രീറ്റ് ചെയ്ത് അതിനു മുകളിൽ കല്ലുകൾ പാകണം.

കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം, കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 4.06 കോടിയാണ് പദ്ധതിച്ചെലവ്. 2.41 കോടി എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായും ഒരു കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പും ബാക്കി തുക കോർപ്പറേഷനുമാണ് വഹിക്കുന്നത്.

ഇനിയും പണി

ബീച്ചിൽ ചെറിയ കിടങ്ങ് കീറി അതിൽ കരിങ്കൽ പാളികൾ ഇരുമ്പ് വലകളിൽ ബന്ധിച്ചുകൊണ്ടുള്ള പ്ലാറ്റ്‌ഫോം നിർമിക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. ഇവയുടെ പ്രവൃത്തി 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ചില പ്ളാറ്റ്ഫോമുകിൽ ഓരോ ബങ്കുകൾക്കായുള്ള മാലിന്യസംസ്കരണ പെെപ്പുകൾ, വെെദ്യുതി ലഭിക്കാനുള്ള ലെെനുകൾ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. ഇനിയും ഇവ പൂർത്തിയാകാനുണ്ട്. ഇനി പ്ലാറ്റ്‌ഫോമിന് മുകളിൽ ഒരേ മാതൃകയിലുള്ള ബങ്കുകൾ സ്ഥാപിക്കണം. ഒപ്പം വെെദ്യുതി കണക്ഷൻ, ലെെറ്റുകൾ, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം സജ്ജമാക്കണം. തറയൊരുക്കുന്ന ജോലിക്കുശേഷമേ വൈദ്യുതി വിളക്കുകൾ ഒരുക്കുന്ന ജോലി നടക്കുകയുള്ളൂ, ഇവിടെ വാഷ്‌ബേസിനുകളും സജ്ജീകരിക്കും. ഒരു ബങ്കിന് 1.38 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൊർണൂരിലെ ഒരു കമ്പനിയാണ് ബങ്കുകൾ നിർമിക്കുന്നത്. പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 90 കച്ചവടക്കാരെയാണ് ഇവിടെ പാർപ്പിക്കുന്നത്. നിലവിൽ ബീച്ചിൽ വഴിയോരകച്ചവടം പലയിടങ്ങളിലായി ചിതറി കിടക്കുന്നത് ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

''പ്രവൃത്തികൾ വളരെ വേഗത്തിൽ നടക്കുന്നുണ്ട്. അനധികൃതമായി ബീച്ചിൽ പ്രവർത്തിക്കുന്ന കടകളെല്ലാം

ഒഴിപ്പിക്കും. അടുത്ത മാസത്തോടു കൂടി തുറന്നു നൽകാൻ സാധിക്കുമെന്ന് കരുതുന്നു''

പി.സി രാജൻ

പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ