ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് പൊന്നുവേട്ട തുടർന്ന് ഇന്ത്യ
ഗുമി : ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ നാലാം ദിനം മൂന്ന് സ്വർണം നേടി ഇന്ത്യ കുതിപ്പ് തുടരുന്നു. എട്ടു സ്വർണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലങ്ങളുമടക്കം 18 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 15 സ്വർണമടക്കം 26 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. ജപ്പാൻ, കസാഖിസ്ഥാൻ, ഖത്തർ,ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്.
ഇന്നലെ പുരുഷ വിഭാഗം 5000 മീറ്ററിൽ ഗുൽവീർ സിംഗ്,വനിതകളുടെ ഹൈജമ്പിൽ പൂജ,ഹെപ്റ്റാത്‌ലണിൽ പൂജ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്.വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പരുൾ ചൗധരി തന്റെ തന്നെ ദേശീയ റെക്കാഡ് തിരുത്തി വെള്ളി മെഡൽ നേടി.ഗുൽവീറിന്റെ ഈ ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്വർണമാണിത്. ആദ്യദിനം 10000 മീറ്ററിലും ഗുൽവീർ സ്വർണം നേടിയിരുന്നു.
ഇരട്ടച്ചങ്കൻ ഗുൽവീർ
മീറ്റ് റെക്കാഡോടെയായിരുന്നു ഗുൽവീറിന്റെ 5000 മീറ്ററിലെ സ്വർണം. 13 മിനിട്ട് 24.78 സെക്കൻഡിൽ ഓടിയെത്തിയ ഗുൽവീർ 2015ൽ മുഹമ്മദ് അൽ ഗർനി സ്ഥാപിച്ച 13 മിനിട്ട് 34.47 സെക്കൻഡിന്റെ മീറ്റ് റെക്കാഡാണ് തിരുത്തി എഴുതിയത്. 5000 മീറ്ററിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഗുൽവീർ. 1981ൽ ഗോപാൽ സെയ്നുയും 2017ൽ ജി.ലക്ഷ്മണും ഈയിനത്തിൽ സ്വർണം നേടിയിരുന്നു. കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗുൽവീർ 5000 മീറ്ററിൽ വെങ്കലം നേടിയിരുന്നു.
ബോബിക്ക് പിന്നാലെ പൂജ മലയാളി താരം ബോബി അലോഷ്യസിന് ശേഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വനിതാ ഹൈജമ്പിൽ സ്വർണം നേടുന്ന ഇന്ത്യക്കാരിയെന്ന ചരിത്രമെഴുതിയാണ് ഹരിയാന സ്വദേശിനിയായ പൂജ ഇന്നലെ ശ്രദ്ധ നേടിയത്.1.89 മീറ്ററാണ് പൂജ ക്ളിയർ ചെയ്തത്. 2000ത്തിൽ സ്വർണവും 2002ൽ വെള്ളിയും ബോബി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നേടിയിരുന്നു. 18 കാരിയായ പൂജ അണ്ടർ 20കാറ്റഗറിയിലെ സ്വന്തം ദേശീയ റെക്കാഡും തിരുത്തിയെഴുതി.
ഹെപ്റ്റയിൽ നന്ദിനി
ഏഴിനങ്ങളടങ്ങിയ ഹെപ്റ്റാത്‌ലണിൽ അവസാന ഇനമായ 800 മീറ്ററിൽ ചൈനീസ് താരത്തെ 54 പോയിന്റ് വ്യത്യാസത്തിൽ മറികടന്നാണ് നന്ദിനി അഗാസര സ്വർണം നേടിയത്. ഹെപ്റ്റയിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് നന്ദിനി. 2005ൽ സോമ ബിശ്വാസും 2017ൽ സ്വപ്ന ബർമ്മനും സ്വർണം നേടിയിരുന്നു. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ തന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്താനായെങ്കിലും കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ നേടിയ സ്വർണം നിലനിറുത്താൻ പരുൾ ചൗധരിക്ക് കഴിഞ്ഞില്ല. കസാഖിസ്ഥാന്റെ നോറ ജറൂട്ടോയാണ് സ്വർണം നേടിയത്.
റിലേയിൽ അയോഗ്യത
അതേസമയം പുരുഷന്മാരുടെ 4-100 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം ഹീറ്റ്സിൽ രണ്ടാമതായി ഓടിയെത്തിയെങ്കിലും ബാറ്റൺ കൈമാറാനുള്ള നിശ്ചിത പരിധി ലംഘിച്ചതിനാൽ അയോഗ്യരാക്കപ്പെട്ടു. മണികണ്ഠ ഹൊബ്ളിദാർ, അംലൻ ബോർഗോഹെയ്ൻ,രാഹുൽ കുമാർ,പ്രണവ് ഗുരവ് എന്നിവരാണ് ഇന്ത്യയ്ക്ക്വേണ്ടി മത്സരിക്കാനിറങ്ങിയത്.