ഹെഡ്മാസ്റ്റർമാരുടെ നിയമന ലിസ്റ്റായി

Saturday 31 May 2025 1:33 AM IST

ആലപ്പുഴ: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരില്ലാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി മേയ് 23ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ 29നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഉത്തരവിറക്കിയത്.

ഹെഡ്മാസ്റ്റർമാരുടെ സ്ഥാനക്കയറ്റപ്പട്ടികയ്ക്ക് വകുപ്പുതല പ്രൊമോഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും നിയമന നടപടികൾ ഇഴയുന്നത് ചൂണ്ടിക്കാട്ടിയാണ് വാർത്ത പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും

പ്രവേശനോത്സവ ഒരുക്കങ്ങളും വാഹനക്രമീകരണങ്ങളും ഏകോപിപ്പിക്കാനും പ്രഥമാദ്ധ്യാപകരുടെ സേവനം അനിവാര്യമാണ്. നിയമനം വൈകിയ സാഹചര്യത്തിൽ പല സ്കൂളുകളിലും സീനിയർ അദ്ധ്യാപകർക്കായിരുന്നു സ്കൂളിന്റെ ചുമതല. പതിനാല് ജില്ലകളിലായി എ.ഇ.ഒ മാരായി സ്ഥാനക്കയറ്റം ലഭിച്ചവരുടെയും ഹെഡ്മാസ്റ്റർമാരായി നിയമനം നൽകിയവരുടെയും ഉത്തരവാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചത്. നിയമനം ലഭിച്ച ഹെഡ്മാസ്റ്റർമാർ ജൂൺ രണ്ടിന് സ്കൂളുകളിൽ ചുമതലയേൽക്കണം.